Crime

തെറ്റിപ്പിരിഞ്ഞ കാമുകി സ്വകാര്യദൃശ്യം കാമുകന്റെ ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, വീണ്ടും ട്വിസ്റ്റ് !

തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയ ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

തൊടുപുഴയിലെ ഒരു സ്പായിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദും പരിചയപ്പെടുന്നത്. പ്രസാദിന്റെ ഭാര്യ വിദേശത്തായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും തർക്കങ്ങളെത്തുടർന്ന് യുവതി ബന്ധം വേർപെടുത്തി ഗുരുവായൂരിലേക്ക് പോയി.

ഇതിനിടെ യുവതി പ്രസാദിന്റെ ഭാര്യയുമായി ബന്ധപ്പെടുകയും ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇത് പ്രസാദിന്റെ കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായതോടെയാണ് ഇയാൾ പ്രതികാരത്തിനൊരുങ്ങിയത്.

യുവതിയുടെ പുതിയ ജോലിസ്ഥലവും താമസസ്ഥലവും അറിയാത്തതിനാൽ അത് കണ്ടെത്താനാണ് പ്രസാദ് സ്ത്രീവേഷത്തിൽ ഗുരുവായൂരിലെത്തിയത്. യുവതിയെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇയാൾക്കൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലുപേരുമുണ്ടായിരുന്നു. ഗുരുവായൂർ പടിഞ്ഞാറേനടയിൽ സംശയാസ്പദമായി കണ്ട പ്രസാദിനെ പോലീസ് ചോദ്യംചെയ്തതോടെയാണ് കൊലപാതക പദ്ധതി പുറത്തായത്.

കൂട്ടുകാരിയെ കാണാൻ വന്നതാണെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പ്രസാദിന്റെ വേഷം കണ്ട് സംശയം തോന്നിയ പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഗുരുവായൂരിലെ ലോഡ്ജിൽനിന്നാണ് ഒപ്പമുണ്ടായിരുന്ന നാലുപേരെ പോലീസ് പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തൊടുപുഴ സ്വദേശികളായ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23), ചോലമാട്ടത്തിൽ പ്രസാദ് (43), തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.