കാസർകോട്: ഉറങ്ങിക്കിടന്ന 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ (25) അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായി വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പരാതി ലഭിച്ച് ഒന്നര മാസത്തിനുശേഷമാണ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത ഈ കേസിന് മുൻപും, തളിപ്പറമ്പ് പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് പോക്സോ കേസുകളിൽ സ്നേഹ പ്രതിയായിട്ടുണ്ട്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 16-കാരിയാണ് സ്നേഹയ്ക്കെതിരെ പരാതി നൽകിയത്. അമ്മയുടെ സുഹൃത്തായ സ്നേഹ വീട്ടിലെത്തിയ സമയത്ത് താൻ ഉറങ്ങുമ്പോൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പേടി കാരണം സംഭവം ആരോടും പറയാതിരുന്ന കുട്ടി, കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. മുൻപ് നടന്ന സംഭവമായതിനാലും ഭയം മൂലവുമാണ് കുട്ടി പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് വിശദീകരിച്ചു. പ്രതിയായ സ്നേഹ മെർലിനെതിരെ നേരത്തെ മൂന്ന് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്. ഇതിൽ 2025 മാർച്ച് 14-ന് 12-കാരിയെ പീഡിപ്പിച്ച കേസിലാണ് താരം ആദ്യം പിടിയിലാകുന്നത്.
സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ അധ്യാപകർ കണ്ടെത്തുകയും, തുടര്ന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ പീഡനവിവരം വെളിപ്പെടുകയുമായിരുന്നു. വിലപിടിപ്പുള്ള സ്വർണ ബ്രേസ്ലെറ്റ് അടക്കമുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ വശീകരിച്ചാണ് അതിക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയവേ, ഇരയായ കുട്ടിയുടെ 15 വയസ്സുള്ള സഹോദരനെയും പീഡിപ്പിച്ചതായി വിവര പുറത്തുവന്നു. ഇതോടെ ഈ കേസിലും തളിപ്പറമ്പ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് സ്നേഹക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളാണിതെന്ന് പൊലീസ് അറിയിച്ചു.




