Crime

റീൽസിനായി ക്രൂരത! പെട്രോൾ കുടിപ്പിച്ച ശേഷം യുവാവിന് തീകൊളുത്തി; കൊൽക്കത്തയിൽ 3 പേർ അറസ്റ്റിൽ!

സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനായി കൊൽക്കത്തയിൽ ഒക്ടോബർ 27-ന് ഒരാളെ നിർബന്ധിപ്പിച്ച് പെട്രോൾ കുടിപ്പിച്ച ശേഷം തീ കൊളുത്തി. കേസിലെ പ്രതികൾ ഇയാൾക്ക് നേരെ ഈ അതിക്രമം കാട്ടുകയായിരുന്നു. കൊൽക്കത്തയിലെ ഗർഫ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം ആളുകൾ ഗർഫയിലെ ഹാൽത്തു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കളി എന്ന വ്യാജേന ഇയാളെ ഹെൽമറ്റ് ധരിപ്പിക്കുകയും കണ്ണുകൾ കെട്ടിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ഇതിനിടെ ഇയാൾ ഹെൽമറ്റ് ഊരിമാറ്റിയപ്പോൾ, പ്രതികൾ നിർബന്ധിപ്പിച്ച് പെട്രോൾ കുടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ അതിനെ എതിർത്തതോടെ, ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കത്തുന്ന വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ റീൽസ് നിർമ്മിക്കുന്നതിനാണ് പ്രതികൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കേസിൽ മുഖ്യപ്രതി അർഘ്യ സാഹ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.