യു.എസ്സിലെ ന്യൂ ഹാംപ്ഷയറിൽ നിന്ന് സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. നാടിന് അഭിമാനമായ കോളജ് അത്ലറ്റായ മാവ്റിക് ലിയോൺ എന്ന യുവാവിനാണ് ക്രിമിനലായ സഹോദരൻ ജോൺ ഡിക്കോട്ട ലിയോണിന് പകരം പൊലീസിന്റെ വെടിയേൽക്കേണ്ടി വന്നത്.
ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഡിക്കോട്ട, പരോളിലിറങ്ങി നേരെ തന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം മാവ്റിക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവെച്ച് മാവ്റിക്കുമായി വഴക്കുണ്ടാക്കിയ ഡിക്കോട്ട, കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദാരുണമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി മാവ്റിക് ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്വയരക്ഷയ്ക്കായി കയ്യിലൊരു കറിക്കത്തിയുമായി മാവ്റിക് വീടിന് പുറത്തേക്ക് ഓടി. എന്നാൽ പുറത്തെത്തിയ മാവ്റിക്കാണ് അക്രമകാരിയെന്ന് തെറ്റിദ്ധരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാൾക്ക് നേരെ അഞ്ചുതവണ വെടിയുതിർക്കുകയും ടേയ്സർ ഗൺ പ്രയോഗിക്കുകയുമായിരുന്നു.
നെഞ്ചിലും പുറത്തും വെടിയേറ്റ് ചോരവാർന്ന് വീണ മാവ്റിക് താനല്ല അക്രമിയെന്ന് വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് അത് കാര്യമാക്കാതെ ഇയാളെ വിലങ്ങിട്ടു. ഈ സമയം യഥാർത്ഥ അക്രമിയായ ഡിക്കോട്ട വീടിന്റെ വാതിലിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. വൈകാതെ കാര്യം മനസ്സിലാക്കിയ പൊലീസ് ഡിക്കോട്ടയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ കേസിനൊരുങ്ങുകയാണ് മാവ്റിക്കിന്റെ കുടുംബം. വീടിന് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ മാവ്റിക് കയ്യിലുണ്ടായിരുന്ന കത്തി നിലത്തിട്ടിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മാവ്റിക് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യഥാർത്ഥ പ്രതിയായ ഡിക്കോട്ടയെ പൊലീസ് വീണ്ടും ജയിലിലേക്ക് മാറ്റി.




