Crime

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 56-കാരി നൃത്താധ്യാപിക; കഴുത്തുഞെരിച്ച് കൊന്ന പുരുഷ സുഹൃത്ത് കീഴടങ്ങി

ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഒരു ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതിനെത്തുടർന്ന് സുഹൃത്തായ വിഗീഷ് ഇവരെ ക്രൂരമായി വധിക്കുകയായിരുന്നു.

മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തനിക്ക് ഭാര്യയാകണമെന്ന് ധനലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും വിഗീഷ് അതിന് വഴങ്ങിയില്ല. ഇതേത്തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിൽ വിഗീഷ് ധനലക്ഷ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളഞ്ഞ വിഗീഷ്, മലപ്പുറത്തെത്തി സ്വന്തം സഹോദരിയോടാണ് വിവരം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തേഞ്ഞിപ്പാലം പൊലീസ് അറിയിച്ചതനുസരിച്ച് ചെറുതുരുത്തി പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയപ്പോഴാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹിതയായ ധനലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.