ഗുരുവായൂർ ∙ പ്രണയം തകർന്ന വൈരാഗ്യത്തിൽ കാമുകിയെ അപായപ്പെടുത്താനെത്തിയ യുവാവും കൂട്ടുക്കാരും ടെംപിൾ പൊലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായി. നാലാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ പെൺവേഷത്തിൽ നിന്നയാളെയും കൂടെയുണ്ടായിരുന്നയാളെയും സംശയം തോന്നി പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് വൻ ഗൂഢാലോചന പുറത്തുവന്നത്.
സ്ത്രീവേഷമണിഞ്ഞ് നഗരത്തിലിറങ്ങിയത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും, ഒപ്പമുണ്ടായിരുന്നത് വധശ്രമക്കേസുകളിലെ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് അന്നേദിവസം വൈകീട്ടോടെ തൊടുപുഴ രജിസ്ട്രേഷനിലുള്ള കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിലെ മറ്റു മൂന്നുപേരെ 16 ഗ്രാം കഞ്ചാവുമായി പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് ഇതിലുണ്ടായിരുന്നത്.
തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുകയായിരുന്ന തന്റെ കാമുകി മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന് മനസ്സിലാക്കി, അവരെ വധിക്കാനാണ് പ്രസാദും സംഘവും എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രസാദിന്റെ ഭീഷണിയെ തുടർന്ന് ഭയന്ന യുവതി മുൻപ് തൃശൂരിൽ നിന്നും ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു.
ഇതോടെ പ്രതികളും ഗുരുവായൂരിലേക്ക് എത്തുകയും യുവതിയെ കണ്ടെത്തി വധിക്കാൻ പദ്ധതിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രസാദിന്റെയും ആദർശിന്റെയും പേരിൽ കൊലപാതകശ്രമം അടക്കം ഇരുപതോളം ക്രിമിനൽ കേസുകൾ നേരത്തെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോടതിയിൽ ഹാജരാക്കിയ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു. സൗഹൃദത്തിൽ നിന്ന് യുവതി പിന്മാറിയതിലുള്ള വൈരാഗ്യമാണ് ഈ കൊലപാതക പദ്ധതിക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീട് യുവതിയെ സുരക്ഷിതമായി കണ്ടെത്തുകയും സ്വദേശത്തേക്ക് അയക്കുകയും ചെയ്തു.




