ക്രിക്കറ്റിന്റെ തിരക്കൊഴിഞ്ഞ ഇടവേളയില്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ തന്റെ ജോലിക്കെത്തി ഇന്ത്യന്‍ താരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന് കിഷന്. ആര്‍ബിഐയില്‍ അസിസ്റ്റന്റ് മാനേജരായ ഇഷാന് പാട്ന ഓഫീസിലാണ് കഴിഞ്ഞ ദിവസം ജോലിക്കായി എത്തിയത്.
ഐപിഎല്ലിൽ നിന്നും ദേശീയ ടീമിൽ നിന്നും വർഷം തോറും കോടികൾ സമ്പാദിക്കുന്നുണ്ടെങ്കിലും, ഒരു സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാണ് ഈ യുവതാരം ആഗ്രഹിക്കുന്നത്. നിലവിൽ രാജ്യാന്തര പോരാട്ടങ്ങൾ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇഷാൻ. ഈ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപുള്ള ഇടവേളയിലാണ് താരം തന്റെ ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പട്ന ശാഖയിൽ അസിസ്റ്റന്റ് മാനേജരായാണ് ഇഷാൻ കിഷൻ സേവനമനുഷ്ഠിക്കുന്നത്. സ്പോർട്സ് ക്വാട്ട വഴിയാണ് താരത്തിന് ഈ പദവി ലഭിച്ചത്. ഔദ്യോഗിക തിരിച്ചറിയൽ കാർഡുമണിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന 28-കാരനായ ഇഷാന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിനെ നയിക്കുന്നത് ഇഷാനാണ്. ഓഗസ്റ്റ് 23-ന് നോർത്ത് സോണിനെതിരെയാണ് അവരുടെ ആദ്യ പോരാട്ടം. കൗമാര താരം വൈഭവ് സൂര്യവംശിയാണ് ഈ ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ മൂന്ന് അർധസെഞ്ചറികൾ അടക്കം 317 റൺസ് നേടി ഇന്ത്യൻ നിരയിലെ മികച്ച രണ്ടാമത്തെ റൺവേട്ടക്കാരനാകാൻ ഇഷാന് സാധിച്ചിരുന്നു. നിലവിൽ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം ഈ വർഷം ഇതുവരെ 812 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. സിംബാബ്വെക്കെതിരായ ട്വന്റി20 പരമ്പരയിലാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഇഷാന് ഒരു സീസണിൽ 11.25 കോടി രൂപയാണ് പ്രതിഫലം. എന്നാൽ ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.




