കൊൽക്കത്ത: എൽപിജി സിലിണ്ടറിന്റെ സബ്സിഡി തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിലെത്തിയ 36-കാരിയായ സ്ത്രീക്ക് മുന്നിൽ തെളിഞ്ഞത് അവിശ്വസനീയമായ തുക. അക്കൗണ്ടിൽ നൂറുകോടിക്ക് വെറും മൂന്ന് രൂപ കുറവെന്ന വിവരം കേട്ട് ഞെട്ടിയ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് സ്വദേശിയായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട്, 99,99,99,997 രൂപയുടെ വലിയ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) കുൽത്താലി ജംതാല ശാഖയിൽ സബ്സിഡി വിവരങ്ങൾ അറിയാൻ എത്തിയ കാശ്മീര ഷെയ്ഖ് എന്ന സ്ത്രീയോട് ബാങ്ക് ഉദ്യോഗസ്ഥനാണ് ഈ വൻ തുകയുടെ കാര്യം വ്യക്തമാക്കിയത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിൽ കഴിയുന്ന കാശ്മീര, ഭർത്താവിന്റെ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിനൊപ്പം സാരികളിൽ എംബ്രോയ്ഡറി ചെയ്താണ് കുടുംബം പുലർത്തുന്നത്. അക്കൗണ്ടിലെ അസാധാരണമായ തുകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെ ഇവരുടെ ഏക ബാങ്ക് അക്കൗണ്ട് നിലവിൽ ബാങ്ക് പൂട്ടിയിരിക്കുകയാണ്.
എന്നാൽ ബാങ്കിംഗ് മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ഇടപാടുകളെ മൊത്തത്തിൽ ബാധിച്ച സെർവർ തകരാറാണ് ഇത്തരമൊരു അപാകതയ്ക്ക് കാരണമെന്നാണ് അനൗദ്യോഗിക നിഗമനം. മറ്റൊരു സംഭവത്തിൽ, കൊൽക്കത്ത ബെലെഘാട്ടയിൽ ക്ലൗഡ് കിച്ചൺ നടത്തുന്ന നൂപുർ ഗുപ്തയുടെ അക്കൗണ്ടിലും സമാനമായ രീതിയിൽ 47 കോടി രൂപ ക്രഡിറ്റായതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സംഭവം റിപ്പോർട്ട് ചെയ്തതോടെ പോലീസും ബാങ്ക് അധികൃതരും ആദായനികുതി വകുപ്പും ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വിഷയം ഗൗരവമായി പരിശോധിച്ചു വരികയാണെന്ന് പിഎൻബി അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും അക്കൗണ്ടുകളിൽ ഇത്തരം വലിയ തുക തെറ്റായി എത്തിയതിന്റെ കാരണം എന്താണെന്നോ, ഈ സാങ്കേതിക തകരാർ എത്രത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നോ ഉള്ള കാര്യത്തിൽ ബാങ്ക് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.




