വർഷങ്ങളായി ആരോഗ്യലോകത്തെ പ്രധാന താരം പ്രോട്ടീൻ തന്നെയാണ്. പ്രോട്ടീൻ കോഫികൾ, ഉയർന്ന പ്രോട്ടീനുള്ള തൈരുകൾ, ദിവസേന നിശ്ചിത അളവിൽ പ്രോട്ടീൻ കഴിക്കാൻ ഉപദേശിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരിലൂടെയെല്ലാം “കൂടുതൽ പ്രോട്ടീൻ എന്നാൽ കൂടുതൽ ആരോഗ്യം” എന്ന സന്ദേശമാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഈ ധാരണ അത്ര ലളിതമല്ലെന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
‘ന്യൂട്രീഷ്യൻ റിവ്യൂസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നത്, പ്രത്യേകിച്ച് അതിലെ ചില അമിനോ ആസിഡുകൾ പരിമിതപ്പെടുത്തുന്നത്, വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കുറയ്ക്കാനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. പ്രോട്ടീൻ കഴിക്കുന്നത് വാർദ്ധക്യ പ്രക്രിയയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ 350-ലധികം പഠനങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്.
പ്രോട്ടീൻ ശരീരത്തിന് ദോഷകരമാണെന്ന് ഈ പഠനം പറയുന്നില്ല. പകരം, പ്രത്യേകിച്ച് വലിയ ശാരീരിക അധ്വാനമില്ലാത്ത ആളുകൾ (sedentary lifestyle) ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നുണ്ടാകാം എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രോട്ടീനിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ (methionine), ല്യൂസിൻ (leucine) തുടങ്ങിയ ചില അമിനോ ആസിഡുകൾ ശരീരത്തിലെ ‘mTOR’ എന്ന സെല്ലുലാർ പാതയെ ഉത്തേജിപ്പിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ആവശ്യമാണ്. എന്നാൽ ഈ പ്രക്രിയ തുടർച്ചയായി നടക്കുന്നത് വാർദ്ധക്യത്തെ വേഗത്തിലാക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
അതേസമയം, പ്രോട്ടീന്റെ അളവ് കുറയ്ക്കുമ്പോൾ ശരീരം ഒരു ‘മെയിന്റനൻസ് മോഡിലേക്ക്’ മാറുന്നു. ഈ അവസ്ഥയിൽ ശരീരം വളർച്ചയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് തകരാറിലായ കോശങ്ങളെ നീക്കം ചെയ്യാനും സ്വയം വൃത്തിയാക്കാനുമാണ്. ഇത് ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത വീക്കങ്ങൾ കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ‘FGF21’ എന്ന ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു.
എന്ന് കരുതി എല്ലാവരും പ്രോട്ടീൻ കഴിക്കുന്നത് പെട്ടെന്ന് കുറയ്ക്കണോ? അങ്ങനെയല്ല. ഓരോ വ്യക്തിയുടെയും ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ അളവ് വ്യത്യസ്തമാണ്. അധ്വാനമില്ലാത്തവർക്ക് പ്രോട്ടീൻ കുറയ്ക്കുന്നത് ഗുണം ചെയ്തേക്കാമെങ്കിലും, മുതിർന്നവർ, കായികതാരങ്ങൾ, പതിവായി വ്യായാമം ചെയ്യുന്നവർ എന്നിവർക്ക് പേശികളുടെ ആരോഗ്യം നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ പ്രോട്ടീൻ കുറയ്ക്കുന്നത് ആയുസ്സ് കൂട്ടുമെന്ന് കണ്ടിട്ടുണ്ടെങ്കിലും, മനുഷ്യരിൽ ഇത് ആയുസ്സ് നേരിട്ട് കൂട്ടുമെന്ന് പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതികൾ സോഷ്യൽ മീഡിയയിലും വിപണിയിലും തരംഗമാകുന്ന സമയത്താണ് ഈ പഠനം പുറത്തുവരുന്നത്. പ്രോട്ടീൻ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം സമീകൃതമായി കഴിക്കുക എന്നതാണ് പ്രധാനം. പോഷകാഹാരത്തിന്റെ കാര്യത്തിൽ “കൂടുതൽ കഴിക്കുന്നത് എപ്പോഴും നല്ലതല്ല” എന്ന ഓർമ്മപ്പെടുത്തലാണ് ഈ ശാസ്ത്രീയ കണ്ടെത്തൽ നൽകുന്നത്.




