Crime Featured

മെൻസ്ട്രൽ കപ്പിൽ MDMA നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും ! യുവതിയും സുഹൃത്തും ഒടുവിൽ കുടുങ്ങി, ഞെട്ടിച്ച് ലഹരിക്കടത്ത് തന്ത്രം

കൊച്ചി ∙ മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച് കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് എക്സൈസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇരുവരും എക്സൈസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. അന്ന് ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നതിനാൽ എക്സൈസിന് അത് കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഈ രാസലഹരിയുമായാണ് ഇരുവരും വിൽപനയ്ക്കായി എറണാകുളത്ത് എത്തിയത്.

എറണാകുളത്തെ മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം സരിത തിരിച്ചെത്തുന്നതുവരെ കാത്തിരുന്നു. എറണാകുളത്ത് മടങ്ങിയെത്തിയ സരിതയെ രാത്രി 10.30 ഓടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.

ഇവരിൽനിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിലൂടെ ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. മുൻപ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടന്ന ഈ മിന്നൽ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്, അമൽ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിൻസി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വിഷ്ണു എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *