സിനിമയിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ ചില വിട്ടുവീഴ്ചകൾക്കും അഡ്ജസ്റ്റ്മെന്റുകൾക്കും തയാറാകണമെന്ന് ഇൻഡസ്ട്രിയിൽ വ്യാപകമായ കിംവദന്തികൾ കേൾക്കാറുണ്ട്. ഇതിനെ ശരിവെക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാൽ സ്വന്തം ഭർത്താവ് തന്നെ ഇത്തരമൊരു കാര്യത്തിന് നിർബന്ധിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? അത്തരമൊരു വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ-ടെലിവിഷൻ നടിയായ ഈവ ഗ്രോവർ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി സംവിധായകരുമായി കിടക്ക പങ്കിടാൻ താൻ നിർബന്ധിതയായി എന്ന് മുൻ ഭർത്താവും ബോളിവുഡ് താരം ആമിർ ഖാന്റെ അർധ സഹോദരനുമായ ഹൈദർ അലി ഖാനെതിരെയാണ് ഈവ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.
സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ഈ തുറന്നുപറച്ചിൽ. അന്യപുരുഷന്മാരുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് താരം താൻ അനുഭവിച്ച ദുരനുഭവങ്ങൾ വിശദീകരിച്ചത്. പ്രൊജക്റ്റുകൾ ലഭിക്കാൻ സംവിധായകർക്കും നിർമ്മാതാക്കൾക്കുമൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എന്നാൽ ആ സമയത്തും തനിക്ക് അവസരങ്ങൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ലെന്നും ഈവ വ്യക്തമാക്കുന്നു.
കുടുംബം സാമ്പത്തിക പ്രയാസം അനുഭവിച്ചപ്പോൾ വ്യക്തിപരമായും സാമ്പത്തികമായും ഏറെ ത്യാഗങ്ങൾ താൻ സഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. “എനിക്ക് കൈനിറയെ അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ജോലി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ എഫ്.ഡി തുക പിൻവലിക്കുകയും കാറുകൾ വിൽക്കുകയും ചെയ്ത് ഞാൻ ആ കുടുംബത്തെ സംരക്ഷിച്ചു. ഇതിനുശേഷമാണ് ഭർത്താവിൽ നിന്ന് ഇത്തരമൊരു നിർദ്ദേശം വരുന്നത്. വീട്ടുചെലവുകൾക്കും കറന്റ് ബില്ലടക്കാനും കുഞ്ഞിന്റെ ആവശ്യങ്ങൾക്കുമായി നടിമാർക്ക് വരുന്ന ഇത്തരം ഓഫറുകൾ സ്വീകരിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതൊരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും അവൻ പറഞ്ഞു. ഇതോടെ ആ ബന്ധം ഞാൻ അവസാനിപ്പിച്ചു, പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല” – ഈവ വ്യക്തമാക്കി.
ഹൈദറിന് ‘സ്കിസോഫ്രീനിയ’ എന്ന മാനസികാവസ്ഥയുണ്ടെന്നും വിവാഹസമയത്ത് ഇതറിഞ്ഞിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. അധികം വൈകാതെ തന്നെ ഇയാൾ തന്നോട് ദേഹോപദ്രവം കാട്ടിത്തുടങ്ങിയെന്നും ശരീരത്തിലെ അടയാളങ്ങൾ കണ്ട് വീട്ടുകാർ ഏറെ സങ്കടപ്പെട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുപോലും ഹൈദറിന്റെ ഇപ്പോഴത്തെ അവസ്ഥയോട് തനിക്ക് സഹതാപമാണുള്ളതെന്നും അവർ പറയുന്നു.
സ്വന്തമായി വീടോ ഭക്ഷണത്തിനോ വഴിയില്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹൈദർ ഇപ്പോൾ ജീവിക്കുന്നതെന്നും ഈവ പറഞ്ഞു. “എനിക്ക് അയാളോട് അനുകമ്പ തോന്നുന്നുണ്ട്. നടന്നതെല്ലാം നടന്നു, എങ്കിലും ഒരു കാലത്ത് എന്റെ ഭർത്താവായിരുന്നു. ചുറ്റുമുള്ളവർ അയാൾക്ക് മദ്യം നൽകി ചൂഷണം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ സമയം വരുമ്പോൾ സമാധാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അദ്ദേഹം ഒരുപാട് അനുഭവിച്ചു കഴിഞ്ഞു” – ഈവ പറഞ്ഞു നിർത്തി.




