ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു കരിഷ്മ കപൂറിന്റെയും അഭിഷേക് ബച്ചന്റെയും പ്രണയം. എന്നാൽ പെട്ടെന്ന് ആ ബന്ധം വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ആഘാതമായിരുന്നു. ഇരുവരും തമ്മിൽ പിരിയാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നിർമാതാവും സംവിധായകനുമായ സുനീൽ ദർശൻ. ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
‘ഏക് റിഷ്താ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നുവെന്ന് സുനീൽ ദർശൻ പറയുന്നു. പിന്നീട് ‘ഹാ മേംനേ ഭി പ്യാർ കിയാ’ എന്ന സിനിമയുടെ സമയത്താണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ കൊച്ചുമകളും ഒന്നിക്കുമ്പോൾ അതൊരു വലിയ കൂട്ടുകെട്ടായാണ് ഏവരും കണ്ടത്. വിവാഹം വേണ്ടെന്നുവെക്കാൻ ഇരുവരും തീരുമാനിച്ച സമയത്ത് അവിചാരിതമായി കരിഷ്മയുടെ വീട്ടിൽ താനുമുണ്ടായിരുന്നുവെന്നും ഈ ബന്ധം തകർന്നത് നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് പുതുവത്സരാഘോഷത്തിനായി ബാങ്കോക്കിലേക്ക് പോയ കരിഷ്മ, പെട്ടെന്നാണ് സഞ്ജയ് കപൂറിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ആ തീരുമാനം തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് സുനീൽ പറഞ്ഞു.
വേർപിരിയലിന്റെ പേരിൽ ആളുകൾ കരിഷ്മയുടെ അമ്മ ബബിതയെയോ അഭിഷേകിന്റെ അമ്മ ജയാ ബച്ചനെയോ അല്ലെങ്കിൽ കരിഷ്മയെയോ അഭിഷേകിനെയോ ഒക്കെ കുറ്റപ്പെടുത്താറുണ്ടെങ്കിലും ഇതെല്ലാം വിധിയുടെ വിളയാട്ടമായി കാണാനാണ് തനിക്ക് ഇഷ്ടമെന്ന് സുനീൽ വ്യക്തമാക്കി. അവർക്കിടയിൽ വളരെ ഗാഢമായ സ്നേഹബന്ധം ഉണ്ടായിരുന്നുവെങ്കിലും നിരന്തരം അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തിരുന്നു.
അമിതാഭ് ബച്ചന്റെ 60-ാം പിറന്നാൾ ആഘോഷ വേളയിലാണ് കരിഷ്മയും അഭിഷേകും തങ്ങളുടെ പ്രണയം പരസ്യമാക്കുന്നത്. തുടർന്ന് 2002-ൽ ഇവരുടെ വിവാഹനിശ്ചയം നടന്നെങ്കിലും മാസങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കരിഷ്മ വ്യവസായിയായ സഞ്ജയ് കപൂറിനെയും, അഭിഷേക് ബച്ചൻ നടി ഐശ്വര്യാ റായിയെയും വിവാഹം കഴിച്ചു.




