Crime

മക്കളുടെ മുന്നിൽ വച്ച് 8 മാസം ഗർഭിണിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അഞ്ചുവയസ്സുകാരന്റെ മൊഴിയില്‍ കുടുങ്ങി

ഉത്തർപ്രദേശിലെ മഹോബയിലുള്ള ബിജ്രാരിയിൽ എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മക്കളുടെ മുന്നിൽ വെച്ച് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മനിഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഹനീഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ മൻസൂരി ഇതിനായി സ്വന്തം ഭൂമിയുടെ ഭൂരിഭാഗവും വിറ്റഴിച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപാനത്തെ ചൊല്ലി ഭാര്യയുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകത്തിനു ശേഷം മൻസൂരി തന്നെ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും, അഞ്ചുവയസ്സുകാരനായ മകൻ സത്യം വെളിപ്പെടുത്തിയതോടെ മൻസൂരി പിടിയിലായി. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൻസൂരിക്ക് ഭാര്യയെ സംശയമായിരുന്നെന്നും നിസ്സാര കാര്യങ്ങൾക്ക് പോലും മനിഷയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. മുൻപും പലതവണ മനിഷയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്നും അപ്പോഴെല്ലാം കുടുംബത്തിന്റെ ഒത്തുപോകലിനായി അവൾ തിരികെ വരുകയായിരുന്നുവെന്നും സഹോദരൻ നസീർ പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *