കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലിയെടുത്തിരുന്ന യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും സ്വന്തം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും. പ്രസവിച്ച വിവരം വീട്ടുകാരറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്ന ഭയം മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർബന്ധിതയായതെന്നാണ് യുവതി പൊലീസിന് നൽകിയ പ്രാഥമിക വിവരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഈ മാസം എട്ടിനാണ് യുവതി ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടത്. വയനാട് സ്വദേശിനിയെന്ന വ്യാജ വിലാസമാണ് ഇവർ ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. തുടർന്ന് 12-ാം തീയതി ഇവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി മടങ്ങി. പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതി, കുഞ്ഞിനെ അല്പനേരം നോക്കാമോ എന്ന് ചോദിച്ച് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയെ ഏൽപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതായതോടെ ഈ സ്ത്രീ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
അന്വേഷണത്തിന് മുന്നോടിയായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മയെന്ന സത്യാവസ്ഥ പുറത്തുവന്നത്. മുൻപ് പ്രസവസമയത്ത് ആശുപത്രിയിൽ ഇവർക്ക് കൂട്ടിരിപ്പുകാരിയായി നിന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായി. തുടർന്നാണ് പത്തനംതിട്ടയിലെത്തി പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലായ യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണെന്ന വിവരവും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിച്ച നവജാതശിശുവിനെ വനിതാ പൊലീസിന്റെ പ്രത്യേക മേൽനോട്ടത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയതോടെ രാത്രിയോടെ തന്നെ ശിശുക്ഷേമ സമിതിക്ക് മുൻപിൽ ഹാജരാക്കി. തുടർന്ന് സമിതിയുടെ ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് കുഞ്ഞിനെ മാറ്റി പാർപ്പിച്ചു. കുഞ്ഞിനാവശ്യമായ മുഴുവൻ പരിചരണവും ഇവിടെ നൽകിവരുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




