കനത്ത മഴയെ തുടർന്ന് നഗരം മുഴുവൻ വെള്ളത്തിനടിയിലായിട്ടും, തന്റെ രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് യാത്ര തുടർന്ന് വടക്കുകിഴക്കൻ ചൈനയിലെ ഒരു ഡോക്ടർ. ലിയോണിംഗ് പ്രവിശ്യയിലെ ഷെന്യാംഗിൽ ജൂലൈ 13-നാണ് ക്രമാതീതമായ മഴ പെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ 230 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
1951-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാവുകയും പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. തൊഴിൽ, പഠന പ്രവർത്തനങ്ങൾ നിർത്തിവെച്ച് ആളുകളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ചൈനയിലെ നിയമങ്ങൾ അനുസരിച്ച് ആരോഗ്യപ്രവർത്തകർ, സൈനികർ, പോലീസ്, ഫയർഫോഴ്സ് ജീവനക്കാർ തുടങ്ങിയ അടിയന്തര വിഭാഗങ്ങളിലുള്ളവർ ജോലിയിൽ പ്രവേശിക്കേണ്ടതുണ്ടായിരുന്നു.
വടക്കുകിഴക്കൻ ചൈനയിലെ മുൻനിര മെഡിക്കൽ സ്ഥാപനമായ ഷെങ്ജിംഗ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ചു ഷെൻഹാവോ ആണ് ഈ ഡോക്ടർ. മിക്ക ആളുകളോടും വീടുകളിൽ തന്നെ കഴിയാൻ ഭരണകൂടം നിർദ്ദേശിച്ചപ്പോഴും, ഒരു ഡോക്ടറായതിനാൽ അദ്ദേഹം ജോലിക്ക് ഇറങ്ങുകയായിരുന്നു. അരപ്പൊക്കത്തോളം വെള്ളത്തിലൂടെ തൻ്റെ സൈക്കിളും തള്ളിക്കൊണ്ട് അദ്ദേഹം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് ഗർഭിണികൾക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്താൻ താൻ നേരത്തെ സമയം നൽകിയിരുന്നതായി ചു മാധ്യമങ്ങളോട് പറഞ്ഞു. എന്തുവന്നാലും ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിൽ എത്തേണ്ടത് തന്റെ കടമയായിരുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളുടെ സുരക്ഷയ്ക്കാണ് താൻ മുൻഗണന നൽകുന്നത്. ഡോക്ടർമാർ അവധിയെടുത്താൽ അത് രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കും.
സാധാരണയായി സൈക്കിളിലാണ് താൻ ജോലിക്ക് പോകാറുള്ളത്. എന്നാൽ ഇത്രയധികം വെള്ളക്കെട്ടുണ്ടാകുമെന്നും സൈക്കിൾ ചവിട്ടാൻ പോലും പറ്റാത്ത അവസ്ഥയാകുമെന്നും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പെയ്ത കനത്ത മഴയിലും തന്റെ സഹപ്രവർത്തകരെല്ലാം ജോലിക്ക് എത്തിയിരുന്നു. നഗരത്തിലെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരിൽ സാധാരണക്കാരനായ ഒരാൾ മാത്രമാണ് താനെന്നും, ആരോഗ്യപ്രവർത്തകർ മാത്രമല്ല മറ്റ് പല മേഖലകളിലുള്ളവരും ആ പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കടമ നിർവ്വഹിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങളുടെ എല്ലാ പ്രശംസയും അത്തരം ആളുകൾക്ക് അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.




