അറ്റ്‌ലാന്റ ∙ പരുക്കൻ കളി നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു (2–1). ആന്തണി ഗോര്‍ഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും, അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസും (85-ാം മിനിറ്റ്) ലൗട്ടാരോ മാർട്ടിനസും (90+2) അർജന്റീനയ്ക്കായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റ് നേടിയ നിലവിലെ ചാംപ്യന്മാരായ അർജന്റീന, ഫൈനലിൽ സ്പെയിനിനെ നേരിടും.
കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഫൗളുകൾ കാരണം കളിയുടെ വേഗത കുറഞ്ഞു. താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കിടയിലും അർജന്റീന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മെസ്സിയുടെ ഒരു മുന്നേറ്റം ഓഫ് സൈഡ് ആയി മാറി. ആദ്യ പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്ക് വരെയുള്ള സമയം കാര്യമായ ഗോളവസരങ്ങളില്ലാതെയാണ് കടന്നുപോയത്.
32–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ ഇംഗ്ലണ്ടിന് മികച്ചൊരു അവസരം കിട്ടിയെങ്കിലും ജോൺ സ്റ്റോണിന്റെ ഹെഡ്ഡർ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. ഇതിനിടയിലും താരങ്ങൾ തമ്മിൽ കളിക്കളത്തിൽ ഉന്തും തള്ളുമുണ്ടായി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് എടുത്ത ഷോട്ടും പോസ്റ്റിന് മുകളിലൂടെ പാഴായി. അങ്ങനെ ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്.




