മറ്റുള്ളവർ ചവറ്റുകുട്ടയിലേക്ക് തൂത്തുവാരി ഇടുന്ന മാലിന്യങ്ങളെ ന്യൂയോർക്കിലെ ഒരു കലാകാരൻ വിറ്റുതീർന്ന ഒരു ആർട്ട് കളക്ഷനാക്കി മാറ്റിയിരിക്കുകയാണ്. ടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിന്റെയും വിവാഹ ആഘോഷങ്ങൾക്ക് ശേഷം ആളുകൾ ഉപേക്ഷിച്ചുപോയ മാലിന്യങ്ങളെ ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാക്കിയാണ് ഇയാൾ മാറ്റിയത്.
എ.എഫ്.പി (AFP) റിപ്പോർട്ട് അനുസരിച്ച്, ജസ്റ്റിൻ ഗിഗ്നാക് എന്ന കലാകാരനാണ് പ്രശസ്ത ദമ്പതികളുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസമായ ജൂലൈ 4-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡന് പുറത്തുനിന്ന് ഈ അവശിഷ്ടങ്ങൾ ശേഖരിച്ചത്. നവദമ്പതികളെ ഒരുനോക്ക് കാണാനും ഏതൊക്കെ സെലിബ്രിറ്റികളാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്ന് അറിയാനും വലിയ ജനക്കൂട്ടമാണ് വേദിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടെയ്ലർ സ്വിഫ്റ്റ് ആരാധകരാണ് ഇത് വാങ്ങുന്നതെന്നും, ന്യൂയോർക്ക് നഗരത്തിലെ സാംസ്കാരിക നിമിഷങ്ങളെ ഒരു ചെറിയ ടൈം ക്യാപ്സൂൾ പോലെ സൂക്ഷിച്ചുവെക്കാനാണ് താൻ ശ്രമിച്ചതെന്നും ഗിഗ്നാക് പറഞ്ഞു.
കുപ്പിയുടെ അടപ്പുകൾ, സിഗരറ്റ് കുറ്റികൾ, പോലീസിന്റെ സുരക്ഷാ ടേപ്പുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, സ്ട്രോകൾ, വഴിയിൽ കിടന്നു കിട്ടിയ ഒരു എയർപോഡ്, മിഠായിക്കവറുകൾ എന്നിവയെല്ലാം ഇയാൾ അവിടെനിന്ന് ശേഖരിച്ചു. തുടർന്ന് ഇവ സുതാര്യമായ ചെറിയ പ്ലാസ്റ്റിക് ക്യൂബുകൾക്കുള്ളിലാക്കി അടച്ചുപൂട്ടി. ദുർഗന്ധം പുറത്തുവരാത്ത രീതിയിൽ തയ്യാറാക്കിയ ഈ പെട്ടികളെ ‘ശിൽപ്പങ്ങൾ’ എന്ന് പേരിട്ട് 25 ഡോളർ (ഏകദേശം 2,400 രൂപ) നിരക്കിലാണ് ഇയാൾ വിൽപ്പനയ്ക്ക് വെച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹത്തിന്റെ ഓർമ്മയ്ക്കായി ചവറ്റുകുട്ടയിൽ പോകേണ്ട മാലിന്യങ്ങൾ അങ്ങനെ വിലപിടിപ്പുള്ള വസ്തുക്കളായി മാറി.
ഇത്തരത്തിൽ തയ്യാറാക്കിയ 50 ക്യൂബുകളും വെറും 24 മണിക്കൂറിനുള്ളിൽ വിറ്റുതീരുകയും ഗിഗ്നാക്കിന് ഏകദേശം 1,250 ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) വരുമാനം ലഭിക്കുകയും ചെയ്തു. വിവാഹത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിൽ ഈ പെട്ടികൾക്ക് മുകളിൽ “JUST MARRIED” എന്ന് ഇയാൾ രേഖപ്പെടുത്തിയിരുന്നു. സുരക്ഷാ പരിധിക്ക് പുറത്തുള്ള പൊതുസ്ഥലങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചതെന്നും വിവാഹവേദിക്കുള്ളിൽ നിന്നുള്ള മാലിന്യങ്ങൾ ഇതിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വ്യത്യസ്തമായ ആർട്ട് പ്രൊജക്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും പലവിധത്തിലുള്ള പ്രതികരണങ്ങൾ നേടുകയും ചെയ്തു. ഇതൊരു മിടുക്കായ ആശയമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, ഇതിനെ ‘ടെയ്ലറുടെ മാലിന്യം’ എന്ന് വിപണനം ചെയ്ത് കിട്ടുന്ന ലാഭം പട്ടിണി നിർമ്മാർജ്ജനത്തിനും ശുദ്ധജല വിതരണത്തിനുമായി ഉപയോഗിക്കാമെന്ന് മറ്റൊരാൾ തമാശയായി പറഞ്ഞു. എന്നാൽ വെറും ചവറിനായി ആളുകൾ പണം മുടക്കാൻ തയ്യാറാകുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു വേറൊരു ഉപയോക്താവിന്റെ പ്രതികരണം. ഇത് വാങ്ങിയവരിൽ ഭൂരിഭാഗവും ടെയ്ലർ സ്വിഫ്റ്റിന്റെ ആരാധകരല്ലെന്നും, ഭാവിയിൽ ഇതിന് വില കൂടുമെന്ന് പ്രതീക്ഷിച്ച് പണം മുടക്കിയ നിക്ഷേപകരാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.




