കൊച്ചി: കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമയ്ക്ക് ശേഷം നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അദ്ദേഹത്തിന്റെ സഹോദരിയുമായ ഉഷ ഹസീന. ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ആ സിനിമ നിർമ്മിച്ചതെന്നും എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഫോണിൽ പോലും വിളിച്ച് അന്വേഷിക്കാൻ ജയറാം തയ്യാറായില്ലെന്നും ‘മൈ മീഡിയ ഒറിജിനൽസിന്’ നൽകിയ അഭിമുഖത്തിൽ ഉഷ ആരോപിച്ചു.
ജയറാമിനെ നായകനാക്കി ‘ഗ്രാൻഡ്ഫാദർ’ എന്ന സിനിമ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മകൻ കാളിദാസിനെ വെച്ച് ‘ഹാപ്പി സർദാർ’ നിർമ്മിക്കുന്നത്. ഈ സിനിമ ചെയ്യരുതെന്ന് കുടുംബാംഗങ്ങൾ ഒന്നടങ്കം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ താൻ കൂടെയുണ്ടാകുമെന്ന ജയറാമിന്റെ ഉറപ്പിലാണ് ഹസീബ് മുന്നോട്ടുപോയത്. ഇത് കാരണം സാമ്പത്തികം മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യവും തകരുന്ന അവസ്ഥയാണുണ്ടായത്.
സിനിമയിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയപ്പോഴൊക്കെ താൻ ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് ഹസീബ് പറഞ്ഞിരുന്നത്. വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് പോകുന്ന അത്രയും അടുത്ത ബന്ധമായിരുന്നു ജയറാമുമായി ഉണ്ടായിരുന്നത്. എന്നാൽ പഞ്ചാബിൽ വരെ പോയി ചിത്രീകരിച്ച സിനിമ വലിയ പരാജയമായി മാറിയതോടെ ഹസീബ് വലിയ സാമ്പത്തിക ബാധ്യതയിലായി. അതോടെ അദ്ദേഹത്തിന്റെ സിനിമ മാത്രമല്ല, ജീവിതം തന്നെ തകരുകയായിരുന്നു.
ഈ സാമ്പത്തിക നഷ്ടം ഹസീബിനെ മാനസികമായി തളർത്തുകയും പിന്നീട് ലിവർ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വന്ന് അദ്ദേഹം കിടപ്പിലാവുകയും ചെയ്തു. മരണവക്ത്രത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആ സമയത്ത് സിനിമയിലെ വിജയകുമാർ, ബാദുഷ, സുബൈർ തുടങ്ങിയ സുഹൃത്തുക്കൾ കാണാൻ വന്നെങ്കിലും ജയറാം ഫോൺ വിളിക്കാനോ കാണാനോ കൂട്ടാക്കിയില്ല.
പിന്നീട് മകളുടെ വിവാഹസമയത്ത് ജയറാം ഹസീബിനെ വിളിച്ചിരുന്നു. അന്ന് ഹസീബിന്റെ സംസാരത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപെട്ട ജയറാം എന്തുപറ്റിയെന്ന് മെസ്സേജ് അയച്ചു. സ്ട്രോക്ക് വന്ന വിവരം ആരും തന്നോട് പറഞ്ഞില്ലെന്നും നാട്ടിലെത്തിയാൽ നേരിൽ കാണാമെന്നും ശബ്ദസന്ദേശത്തിലൂടെ അറിയിച്ചെങ്കിലും ഇന്നുവരെ അദ്ദേഹം വരികയോ യാതൊരു സഹായവും ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ഉഷ പറഞ്ഞു. ആ ഒറ്റ സിനിമ കാരണം ഹസീബിന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.
“നിന്റെ അച്ഛന്റെ ഒറ്റ വാക്കിന്റെ പേരിലാണ് അങ്കിൾ ഇത്രയും പൈസ മുടക്കി നിനക്ക് വേണ്ടി ഈ പടം ചെയ്തതെന്ന കാര്യം മറക്കരുത്” എന്ന് കാളിദാസിനോട് എപ്പോഴും പറയാറുണ്ടെന്നും, ജയറാം തന്നെ ഇക്കാര്യങ്ങൾ സമ്മതിക്കുന്ന ഫോൺ റെക്കോർഡിങ്ങുകൾ പുറത്തായിട്ടുണ്ടെന്നും ഉഷ ഹസീന അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.




