മുംബൈ: ∙ കോടീശ്വരനായ വലിയ വ്യവസായിയാണെന്ന് നടിച്ച് വിവാഹമോചിതയായ യുവതിയെ പീഡിപ്പിക്കുകയും 41.25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെ താനെ ജില്ലയിലെ കോൾസെവാടി പൊലീസാണ് കേസെടുത്തത്. താനെ കല്യാൺ ഈസ്റ്റ് സ്വദേശിനിയായ 36 കാരി നൽകിയ പരാതിയിലാണ് ഈ നടപടി.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി പ്രതി സൗഹൃദത്തിലാകുന്നത്. താൻ വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാമെന്നും മകനെ സ്വന്തം കുട്ടിയെപ്പോലെ നോക്കാമെന്നും പറഞ്ഞ് ഇയാൾ ഇവരുടെ വിശ്വാസം നേടി. തുടർന്ന് നവി മുംബൈയിലെ പൻവേലിലുള്ള വിവിധ ഹോട്ടലുകളിലും യുവതിയുടെ കല്യാണിലുള്ള വീട്ടിലും എത്തിച്ച് ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയാണ് പലതവണയായി 41.25 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. ഇതിനുപുറമേ വ്യാജ രേഖകളുണ്ടാക്കി യുവതിയുടെ ഒരു കാർ വിൽക്കുകയും, മറ്റൊരു വാഹനം അവരുടെ അനുവാദമില്ലാതെ കൈക്കലാക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സമാനമായ രീതിയിൽ ഇയാൾ കൂടുതൽ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




