Featured Sports

ലോകകപ്പ് കഴിഞ്ഞിട്ട് സ്കൂളില്‍ പോണം; ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരം മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറ

മെക്‌സിക്കോ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്.

ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം 17 വര്‍ഷവും 239 ദിവസവുമായിരുന്നു. നിലവിൽ അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായ മോറ, ടിജുവാനയിലെ ലിഗ എം.എക്‌സ്. ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്.

2025-ൽ നടന്ന കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലൂടെയാണ് താരം രാജ്യാന്തര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയതോടെ, ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മെക്‌സിക്കന്‍ താരമെന്ന ബഹുമതിയും മോറ സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായും മോറ മാറി.

2008 ഒക്‌ടോബര്‍ 14-ന് ചിയാപാസ് സംസ്ഥാന തലസ്ഥാനമായ ടക്‌സറ്റല ഗുട്ടിറേസിലാണ് ഈ പ്രതിഭയുടെ ജനനം. പതിനഞ്ചാം വയസിൽ സോലോസ് ഡാ ടിജുവാനയുടെ യൂത്ത് അക്കാദമിയിലെത്തിയ മോറയുടെ കളിമിടുക്കും വേഗതയും തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല. 2024 ഓഗസ്റ്റ് 31-ന് ക്ലബ് ലിയോണിനെതിരെ താരം തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 16 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോഴാണ് മെക്സിക്കോ ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. സൗദി അറേബ്യയായിരുന്നു കോൺകാകാഫ് ഗോൾഡ് കപ്പിലെ അവരുടെ ആദ്യ എതിരാളികൾ.

ആ ടൂർണമെന്റിന്റെ സെമി ഫൈനലിലും ഫൈനലിലും ആദ്യ ഇലവനിൽ കളിച്ച മോറ, അന്താരാഷ്ട്ര കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിൽ പെലെയെയും ലാമിനെ യമാലിനെയും പിന്നിലാക്കി. മുൻ മത്സരങ്ങളിൽ ഒരു അസിസ്റ്റ് മാത്രമേ അക്കൗണ്ടിലുള്ളൂ എങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത മോറയെ വിശ്വസിച്ച് വീണ്ടും കളത്തിലിറക്കാൻ കോച്ച് ഹാവിയർ അഗ്വീറോ തീരുമാനിക്കുകയായിരുന്നു. ഇക്വഡോറിനെതിരായ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ മോറ കളം നിറഞ്ഞു കളിച്ചു. കളിയുടെ 16-ാം മിനിറ്റിൽ മോറ ഉതിർത്ത ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് പുറത്തേക്ക് പോയത്.

ലോകകപ്പിലെ മിന്നും പ്രകടനം കണ്ടതോടെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് തുടങ്ങിയ ലോകോത്തര ക്ലബുകൾ മോറയെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ടിജുവാനയിലെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം ഫുട്‌ബോൾ മുന്നോട്ട് കൊണ്ടുപോകാനാണ് താരത്തിന്റെ താല്പര്യം. ഇതിന്റെ ഭാഗമായി ലിഗ എം.എക്‌സുമായി അടുത്തിടെ മോറ കരാർ പുതുക്കുകയും ചെയ്തു. മൈതാനത്ത് മികച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ പ്രത്യേക കഴിവുള്ള താരമാണ് മോറ.

പന്ത് കാലുകളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കളിസ്ഥലത്തെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ മോറയ്ക്ക് സാധിക്കുന്നു. മികച്ച ഡ്രിബ്ലിങ് വൈദഗ്ധ്യവും കൃത്യതയാർന്ന പാസിങ്ങും പന്തിന്മേലുള്ള നിയന്ത്രണവുമാണ് ഈ താരത്തെ വേറിട്ടു നിർത്തുന്നത്. അതേസമയം, ഈ വിജയത്തോടെ 40 വർഷങ്ങൾക്ക് ശേഷമാണ് മെക്സിക്കോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത് എന്ന നേട്ടവുമുണ്ടായി. ഒപ്പം മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന റെക്കോഡും മെക്സിക്കോ നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *