Crime

ഒപ്പമുണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍; യുവതിയുടെ മരണം ലൗജിഹാദെന്ന് കുടുംബം, ലഹരി നൽകി നിരന്തരം പീഡിപ്പിച്ചു

നന്ദിഹിൽസിന് അടുത്തുള്ള ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. മകൾക്ക് ആൺസുഹൃത്ത് ലഹരിമരുന്ന് നൽകിയിരുന്നതായും ഇതൊരു ലൗ ജിഹാദ് കേസാണെന്നും അമ്മയും സഹോദരനും ആരോപിച്ചു. ബനശങ്കരിയിൽ താമസിക്കുന്ന സായി സുരഭിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹത്തിനൊപ്പം കോഴിക്കോട് സ്വദേശിയായ സുഹൃത്ത് സഞ്ജീത് അലിയെയും ഗുരുതരാവസ്ഥയിൽ മുറിയിൽ കണ്ടെത്തിയിരുന്നു.

പൂട്ടിയിട്ട റിസോർട്ട് മുറിക്കുള്ളിലാണ് യുവതിയുടെ മൃതദേഹം കിടന്നിരുന്നത്. സുരഭിയെ കൊലപ്പെടുത്തിയ ശേഷം സഞ്ജീത് അലി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. മുദ്ദേനഹള്ളിയിലെ സത്യസായി ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സുരഭി. മെക്കാനിക്കൽ ബിരുദമുള്ള സഞ്ജീത് അലി ബെംഗളൂരുവിൽ യൂബർ ഡ്രൈവറായി ജോലി നോക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് അലി നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ മുറിയെടുത്തത്. പിന്നീട് സുരഭിയും ഇവിടെയെത്തി. എന്നാൽ സമയം കഴിഞ്ഞിട്ടും ഇവർ മുറി ഒഴിഞ്ഞുപോകാത്തതിനെ തുടർന്ന് ജീവനക്കാർ അന്വേഷിച്ചു ചെന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ റിസോർട്ട് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കഴുത്തിൽ കയർ മുറുക്കിയ നിലയിൽ സുരഭിയുടെ മൃതദേഹം കണ്ടത്.

മൃതദേഹത്തിനടുത്ത് ബോധമില്ലാത്ത നിലയിലാണ് സഞ്ജീത് അലിയെ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഒരു ഡയറിയും ചില ഗുളികകളും പൊലീസിന് കിട്ടിയിട്ടുണ്ട്. സുരഭിയെ കൊലപ്പെടുത്തിയ ശേഷം അലി അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇതൊരു ലൗ ജിഹാദ് കൊലപാതകമാണെന്നാണ് സുരഭിയുടെ അമ്മ ഗീതയും സഹോദരൻ ശങ്കർ നാരായണനും പറയുന്നത്. പത്ത് ദിവസം മുൻപാണ് സുരഭി പുതിയ ആശുപത്രിയിൽ ജോലിക്ക് കയറിയത്. യാത്ര സുഖമാക്കാൻ ചിക്കബല്ലാപൂരിൽ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. സാധാരണയായി വരാന്ത്യങ്ങളിൽ ബനശങ്കരിയിലെ സ്വന്തം വീട്ടിലേക്ക് വരാറുള്ള സുരഭി, ശനിയാഴ്ച ആശുപത്രിയിൽ പരിപാടിയുള്ളതിനാൽ അവിടെ തങ്ങുമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്.

അലി മകളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മ ഗീത പറഞ്ഞു. മകൾക്ക് നിർബന്ധിച്ച് മദ്യവും ലഹരിമരുന്നും നൽകുമായിരുന്നു. അലിയിൽ നിന്ന് മാറ്റിയ ശേഷം ഒരു റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ എത്തിച്ചാണ് സുരഭിയെ ലഹരിമുക്തിയാക്കിയത്. എന്നാൽ അലി വീണ്ടും മകളുമായി സൗഹൃദത്തിലാവുകയായിരുന്നു. കോളേജ് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതെന്ന് സഹോദരൻ ശങ്കരനാരായണൻ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം അലി വീട്ടിൽ വരാൻ തുടങ്ങിയതോടെ തങ്ങൾ ഈ ബന്ധത്തെ എതിർത്തിരുന്നു. അലി തന്നെ ഉപദ്രവിക്കുന്ന കാര്യം സുരഭി വീട്ടിൽ പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.

സുരഭിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചിക്കബെല്ലാപ്പൂർ പോലീസ് സൂപ്രണ്ട് കുശാൽ ചൗക്സി അറിയിച്ചു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം ഇവർ കണ്ണൂരിലേക്ക് ഒളിച്ചോടിപ്പോയിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *