കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള കാട്ടിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം വന്ന് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. ഡാനിയേൽ റോബിൻസ് (44), കാമുകി ജെസി ഫോൾഡ്സ് (47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൗണ്ടി റോഡ് 86-ൽ സംശയാസ്പദമായ രീതിയിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നതായി ജൂൺ പത്തിനാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ച പൊലീസ് കണ്ടത് കാറിനുള്ളിൽ യുവതിയുടെ മൃതദേഹവും, തൊട്ടടുത്തുള്ള കാട്ടുപ്രദേശത്ത് യുവാവിന്റെ മൃതദേഹവുമായിരുന്നു. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഫോൾഡ്സിന്റെ മരണം കഴുത്ത് ഞെരിഞ്ഞാണെന്നും, ഡാനിയേലിന്റേത് കടുത്ത ഹൃദയാഘാതം മൂലമാണെന്നും തെളിഞ്ഞത്.
ഫോൾഡ്സിനെ സ്വന്തം വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം, പിടിക്കപ്പെടാതിരിക്കാനാണ് ഡാനിയേൽ 80 കിലോമീറ്ററോളം ദൂരം വണ്ടിയോടിച്ച് മൃതദേഹം ഈ വിജനമായ കാട്ടിലെത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ വെച്ച് മൃതദേഹം മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഡാനിയേൽ മുൻപ് തന്നെ ഹൃദ്രോഗിയായിരുന്നുവെന്ന് ഇയാളുടെ മുൻഭാര്യ പൊലീസിനോട് സമ്മതിച്ചു. കമിഴ്ന്നു വീണു ചുരുണ്ടുകൂടിയ നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കിടന്നിരുന്നത്. മരിച്ച ഫോൾഡ്സിന് മുൻബന്ധത്തിൽ മൂന്ന് ആൺകുട്ടികളും ഡാനിയേലിന് ഒരു മകളുമുണ്ട്.




