Crime

ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; അമ്മയെ തിരിച്ചറിഞ്ഞ് പോലീസ്‌, കുഞ്ഞിനെ കണ്ടെത്തിയ ‘രക്ഷകൻ’ തന്നെ ഉപേക്ഷിച്ചയാൾ !

ജനിച്ചയുടനെ ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച ശേഷം പോലീസിനെ പറ്റിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മ പിടിയിലായി. അരൂര്‍-ഇടപ്പളളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന്‌ സമീപമുള്ള ഒരു തട്ടുകടയിലാണ്‌ ഉപേക്ഷിച്ച നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്‌. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തട്ടുകടയിലെ ബെഞ്ചില്‍ കുഞ്ഞിനെ കിടത്തിയ നിലയില്‍ കണ്ടുവെന്ന് ഒരു യുവാവാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

പുതിയകാവ്‌ സ്വദേശിയായ മിഥുൻ എന്ന യുവാവാണ് വിവരം പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്‌. രാത്രി കൂട്ടുകാര്‍ക്കൊപ്പം കൊച്ചിയിൽ ചിലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി കുണ്ടന്നൂരിലെത്തിയതാണെന്നാണ് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞത്. മുൻപ് ചായ കുടിച്ചിട്ടുള്ള പരിചയത്തിൽ തട്ടുകടയിൽ കയറിയതാണെന്നും തിരികെ പോകുമ്പോഴാണ് കുഞ്ഞിനെ കണ്ടതെന്നുമായിരുന്നു യുവാവിന്റെ മൊഴി. തെരുവ്‌ നായ്‌ക്കള്‍ തമ്പടിക്കുന്ന വിജനമായ സ്ഥലത്തെ തട്ടുകടയിലെ ഉയർന്ന ബെഞ്ചില്‍ കിടത്തിയത്‌ കാരണം കുഞ്ഞ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട്‌ പോലീസ്‌, ആംബുലന്‍സ്‌ വരാൻ വൈകിയതിനെ തുടർന്ന് സ്വന്തം ജീപ്പില്‍ തന്നെ കുഞ്ഞിനെ മരടിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. പിന്നീട് കുട്ടിയെ എറണാകുളത്തെ അമ്മ തൊട്ടിലിലേക്ക് മാറ്റി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ മുപ്പത്തിരണ്ടുകാരിയാണ്‌ കുട്ടിയുടെ അമ്മയെന്ന്‌ കണ്ടെത്തിയത്‌. ഇവരുടെ ആദ്യ ഭര്‍ത്താവ്‌ നേരത്തെ ഉപേക്ഷിച്ചു പോയതാണ്‌. നിലവിൽ മറ്റൊരു ഇടുക്കി സ്വദേശിയാ7മൂന്നുകാരിയായ മകളും ഇവർക്കൊപ്പമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുതിയ കുട്ടിയെ സംരക്ഷിക്കുവാന്‍ സാധിക്കാതെ വന്നതോടെയാണ്‌ ഇവർ ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തത്. കുട്ടിയുടെ അമ്മയുടെ നിര്‍ദേശപ്രകാരമാണ്‌ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശേഷം ആദ്യം കണ്ടെന്ന രീതിയിൽ യുവാവ് പോലീസിനെ വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ യുവാവും കുട്ടിയുടെ അമ്മയും ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ്. സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *