Spotlight

സിസേറിയൻ‍ താല്‍പ്പര്യമില്ല, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കോയമ്പത്തൂർ ഊത്തുകുളിക്കു സമീപമുള്ള തളവായ്പാളയത്ത്, യുട്യൂബ് നോക്കി വീട്ടിൽവച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ജൂൺ 25-നായിരുന്നു ദമ്പതികൾ വീട്ടിൽവച്ച് പ്രസവത്തിന് ശ്രമിച്ചത്. ഇവർക്ക് നാല് വയസ്സുള്ള മറ്റൊരു പെൺകുഞ്ഞു കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം ഡോക്ടർമാരുടെ സഹായമില്ലാതെ യുട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽവച്ച് തന്നെ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നാലെ ശശികലയ്ക്ക് കഠിനമായ രക്തസ്രാവം ഉണ്ടായി. അവശയായ യുവതിയെ ഉടൻ തന്നെ പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പ്രസവത്തിന് ശേഷം ആശുപത്രിയിലെത്തിച്ച നവജാതശിശു സുരക്ഷിതയായിരിക്കുന്നു. ശശികലയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ പ്രസവം ശസ്ത്രക്രിയ കൂടാതെ സ്വാഭാവികമായ രീതിയിൽ നടക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഭർത്താവും അമ്മായിയമ്മയും ശശികലയും ചേർന്ന് ഡോക്ടറെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ദാരുണമായ ഈ സംഭവത്തിൽ ഊത്തുകുളി പൊലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *