രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരി സ്കൂൾ വിദ്യാർഥിനിയെ അഞ്ച് ദിവസങ്ങള്ക്കിടെ മുപ്പതോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 18-ന് കൂട്ടുകാരിയെ സന്ദർശിക്കാൻ പോയ പെൺകുട്ടി രാത്രി 10.30-ഓടെ ശ്രീഗംഗാനഗറിലെത്തി. വീട്ടിലെത്തിക്കാനായി ഒരു റിക്ഷാ ഡ്രൈവറുടെ സഹായം തേടിയെങ്കിലും, അയാൾ കുട്ടിയെ വീട്ടിലാക്കുന്നതിന് പകരം ഒരു ലോഡ്ജിലേക്ക് നിർബന്ധപൂർവ്വം കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന്, അടുത്ത ദിവസങ്ങളിൽ കുട്ടിയെ പല ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. തുടർച്ചയായ പീഡനങ്ങൾ കാരണം തനിക്ക് വേദന അനുഭവപ്പെട്ടപ്പോഴെല്ലാം പ്രതികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.
നാലോളം ഹോട്ടലുകളിലായി നിരവധി ആളുകളാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു ഹോട്ടലിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമകൾ ഉൾപ്പെടെ പത്തുപേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമല്ലായിരുന്നിട്ടും നൂറ്റമ്പതിലധികം നിയമവിരുദ്ധ ഹോട്ടലുകളാണ് ശ്രീഗംഗാനഗറിൽ പ്രവർത്തിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെത്തുടർന്ന് ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. റിക്ഷാ ഡ്രൈവറും ഹോട്ടൽ ഉടമകളും ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് കരൺപൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ രൂപീന്ദർ സിംഗ് കുന്നാർ ആവശ്യപ്പെട്ടു.
കേസിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ നീതി ഉറപ്പാക്കാൻ ശക്തമായ മറ്റ് സമരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഈ സംഭവം പ്രാദേശിക പോലീസിന്റെയും ഭരണകൂടത്തിന്റെയും വലിയ പരാജയമാണ് തുറന്നുകാട്ടുന്നതെന്ന് എം.എൽ.എ കുന്നാർ കുറ്റപ്പെടുത്തി.




