ഇന്ത്യക്കെതിരെയുള്ള ചരിത്രപ്രധാനമായ ടി20 പരമ്പര 2-0 ന് അയർലൻഡ് സ്വന്തമാക്കിയപ്പോൾ, പ്ലെയർ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അയർലൻഡ് ഇടംകൈയ്യൻ പേസർ ജയ് മൂന്ദ്ര. ലോക ചാമ്പ്യന്‍മാരായ ഇന്ത്യയെ ചുരുട്ടിക്കെട്ടിയത് ആദ്യ അന്താരാഷ്ട്രമത്സര പരമ്പരയില്‍ അരങ്ങേറിയ രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ടോങ്കിൽ ജനിച്ച 29 കാരനായ ഇടംകൈയ്യൻ ബൗളറായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ അനുഭവം അതിശയകരമായിരുന്നുവെന്നും, മുന്നോട്ടുപോകാൻ സഹതാരങ്ങൾ തന്നെ ഒരുപാട് സഹായിച്ചുവെന്നും മൂന്ദ്ര പറഞ്ഞു. മത്സരത്തിൽ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിരയിലെ സഞ്ജു സാംസണെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയ മൂന്ദ്ര, പിന്നാലെ അഭിഷേക് ശർമ, ശ്രേയസ് അയ്യർ എന്നിവരെയും പുറത്താക്കി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ കേവലം ഒരു റണ്ണിന് വിജയിച്ച അയർലൻഡ് എന്നും ഓർമിക്കപ്പെടുന്ന ഒരു പരമ്പര വിജയവും സ്വന്തമാക്കി.
“ഈ സന്തോഷം ഇപ്പോഴും എനിക്ക് പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ല. ഒരു വാക്കിൽ ഇത് വിവരിക്കുക പ്രയാസമാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിച്ച് നമ്മളെത്തന്നെ പരീക്ഷിക്കുക എന്നത് അതിശയകരമായ അനുഭവമാണ്. കൂടുതൽ സമയം അടിസ്ഥാന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു എന്റെ പ്ലാൻ. ഇതിന്റെ ക്രെഡിറ്റ് ടീമിലെ അംഗങ്ങൾക്കും മാനേജ്‌മെന്റിനും നൽകുന്നു. കാര്യങ്ങൾ ലളിതമാക്കുക എന്നതാണ് പ്രധാനം. പ്രയാസകരമായ സമയങ്ങൾ ഉണ്ടാകും, പക്ഷേ ശാന്തതയോടെ നിങ്ങളുടെ ജോലി ചെയ്യുക. ഈ നിമിഷം ഉൾക്കൊള്ളാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,” മത്സരശേഷമുള്ള ചടങ്ങിൽ മൂന്ദ്ര പറഞ്ഞു.
സഞ്ജു സാംസണെതിരെ പന്തെറിയുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്തയെക്കുറിച്ച് ചോദിച്ചപ്പോൾ, “കാര്യങ്ങൾ ലളിതമാക്കുക, നിങ്ങൾ ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് തുടരുക എന്നതായിരുന്നു മനസ്സിൽ. ഇത് കടുപ്പമേറിയതായിരിക്കും, പിഴവുകൾ വരുത്താൻ ഒട്ടും വകയുണ്ടാകില്ല. അതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്ലാനിൽ ഉറച്ചുനിൽക്കുക,” എന്നായിരുന്നു മൂന്ദ്രയുടെ മറുപടി. 2021-ൽ അയർലൻഡിൽ എത്തിയതുമുതൽ ടീമിലിടം നേടാൻ നേരിട്ട തിരിച്ചടികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകാറുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. അയർലൻഡ് ക്യാമ്പിലെ മികച്ച അന്തരീക്ഷത്തെ പ്രശംസിച്ച മൂന്ദ്ര, അവർ തന്നെ തങ്ങളിൽ ഒരാളായിട്ടാണ് കണ്ടതെന്നും തനിക്ക് നൽകിയ ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.




