Crime

47 സെക്കൻഡ്, 14 കുത്തുകൾ! വിവാഹാഭ്യർഥന നിരസിച്ചതിന് 19-കാരിക്ക് നേരെ ക്രൂര ആക്രമണം, മതിൽ ചാടിയ പ്രതിയുടെ കാലൊടിഞ്ഞു

ലക്നൗ ∙ ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കേവലം 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.

സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് പിടികൂടി. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുകയാണ്. ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ എന്ന യുവതിയ്ക്കാണ് കുത്തേറ്റത്. പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി പൂജ ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ ജോലിയ്ക്ക് പോകുന്നതിനിടെ പ്രതി പൂജയെ വഴിയിൽ തടഞ്ഞുനിർത്തുകയും സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

യുവതിയുടെ വയറ്റിലും കഴുത്തിലും കൈകളിലും മാരകമായ മുറിവുകളേറ്റിട്ടുണ്ട്. തിരക്കേറിയ മാർക്കറ്റിൽ വെച്ചുണ്ടായ ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാട്ടിദാർ ആശുപത്രിയിലേക്കും എത്തിച്ചത്. യുവതിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നുവെങ്കിലും കഴിഞ്ഞ 10 ദിവസമായി ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *