കല്യാണിലെ വഴിയോര ദാബയിൽ വെച്ച് ഒരു സ്ത്രീ ഭക്ഷണശാലയ്ക്ക് ഉള്ളിലെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതായി പറയപ്പെടുന്ന സംഭവം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി . സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളും വീഡിയോയും അനുസരിച്ച്, അവിടെ ലഭ്യമായിരുന്ന ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാതെയാണ് ഇവർ ഉപഭോക്താക്കൾ ഇരുന്നു ഭക്ഷണം കഴിക്കുന്ന പൊതുസ്ഥലത്ത് വച്ച് മൂത്രമൊഴിച്ചത്.
അവിടെ മറ്റൊരു ശുചിമുറി ഉണ്ടായിരുന്നിട്ടും ഇവർ ഇത് ചെയ്തത് കണ്ട് ഞെട്ടിപ്പോയ മറ്റൊരു സ്ത്രീ ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് വീഡിയോയിൽ കാണാം. “ഇവിടെ കുട്ടികൾ ഇരിക്കുന്നുണ്ട്, ഞങ്ങൾ ഭക്ഷണം കഴിക്കുകയാണ്,” എന്ന് അവർ പറയുന്നത് കേൾക്കാം. ശുചിമുറിയെക്കുറിച്ച് പറഞ്ഞിട്ടും പ്രതിയായ സ്ത്രീ അതിനോട് പ്രതികരിക്കാതെ തന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തവരെ അവഗണിക്കുകയാണ് ചെയ്തത്.
സ്ഥിതിഗതികൾ വഷളായതോടെ, മാനേജർ ഉൾപ്പെടെയുള്ള ദാബയിലെ ജീവനക്കാർ ഇടപെട്ടു. സ്ത്രീയുടെ പെരുമാറ്റത്തെ ജീവനക്കാർ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. എന്നാൽ, തെറ്റ് സമ്മതിക്കാനോ മാപ്പ് പറയാനോ തയ്യാറാകാത്ത ഈ സ്ത്രീ ജീവനക്കാരുമായി കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെടുകയാണ് ചെയ്തത്. പൊതുജനാരോഗ്യത്തിന്റെയും മര്യാദയുടെയും ലംഘനത്തിനെതിരെ ജീവനക്കാർക്കും കണ്ടുനിന്നവർക്കും ഉണ്ടായ ദേഷ്യവും നിരാശയും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ഞെട്ടലും ദേഷ്യവും രേഖപ്പെടുത്തി. “ഇതൊക്കെ എന്തു കഷ്ടമാണ്” എന്നും “ഇങ്ങനെയുള്ള ആളുകൾ എവിടെ നിന്നാണ് വരുന്നത്” എന്നും ആളുകൾ കമന്റ് ചെയ്തു. എന്നാൽ, എല്ലാവരും സ്ത്രീയെ കുറ്റപ്പെടുത്തുക മാത്രമല്ല ചെയ്തത്; ഇത്തരം സംഭവങ്ങൾ വീഡിയോയിൽ പകർത്തി പങ്കുവെക്കുന്നതിലൂടെ ഉണ്ടാകുന്ന സ്വകാര്യതാ ലംഘനത്തെക്കുറിച്ചും മാനസിക പ്രയാസങ്ങളെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു.
“ആ സ്ത്രീ മദ്യപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവർ ചെയ്തത് തെറ്റാണ്, എന്നാൽ അവരുടെ വീഡിയോ പരസ്യമാക്കുന്നത് മോശമാണ്. ഇത് വലിയ മാനസിക പീഡനത്തിന് കാരണമാകും, വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിനേക്കാൾ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കൂ,” എന്ന് ഒരാൾ കുറിച്ചു.
“പൊതുസ്ഥലങ്ങളിലെ അനാചാരങ്ങളും മോശം പെരുമാറ്റങ്ങളും അംഗീകരിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ ഈ സംഭവം പ്രതിഷേധത്തിന് കാരണമായതിൽ അത്ഭുതപ്പെടാനില്ല,” എന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ വീഡിയോയുടെ വിശ്വാസ്യത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ ഈ സ്ത്രീക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.




