ആലുവ: മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിൽനിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികൾ രണ്ടാം വിവാഹിതരാണെന്ന് പോലീസ് . ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ആദ്യ ബന്ധങ്ങൾ ഉപേക്ഷിച്ച് ഞാറയ്ക്കൽ സ്വദേശി ആയുഷും (39) മാക്കനായി സ്വദേശിനി അനില(30)യും നാല് വർഷം മുമ്പ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്.
ആയുഷിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കൾ ആദ്യ ഭാര്യക്കൊപ്പമാണ് താമസം. എന്നാൽ അനിലയുടെ മകൾ ഇവരോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. ചരക്കുവാഹന ഡ്രൈവറായിരുന്ന ആയുഷും ഹിമാലയ പ്രൊഡക്ട്സിലെ ജീവനക്കാരിയായിരുന്ന അനിലയും ജോലി ഉപേക്ഷിച്ച ശേഷമാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ഫ്‌ളാറ്റിലെ ഒളിസങ്കേതത്തിൽനിന്നാണ് ഈ വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കഞ്ചാവ് കടത്തിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നും, ഇതിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും റെയിഞ്ച് ഡി.ഐ.ജി: ജി.എച്ച്. യതീഷ് ചന്ദ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
എറണാകുളം റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഏകദേശം 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് ദമ്പതികളെ ഡാൻസാഫ് ടീം പിടികൂടിയത്. മാറമ്പിള്ളിയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോ കഞ്ചാവുമായി ആയുഷാണ് ആദ്യം പിടിയിലായത്. തുടർന്ന് ഇവർ താമസിക്കുന്ന ‘നന്മ’ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ബാക്കി 16 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയതും അനില അറസ്റ്റിലായതും. ഈ മാസം 12 നാണ് ഇവർ ഈ ഫ്ളാറ്റിൽ താമസം തുടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.



