ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകാതെ നവവധു ജീവനൊടുക്കി. താനെ സ്വദേശിനിയായ വിശാഖ തിൽക്കർ (26) എന്ന യുവതിയാണ് വിവാഹം കഴിഞ്ഞ് 48-ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. ഡോക്ടറായ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏല്പ്പിച്ച ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ കാരണം വിശാഖ കടുത്ത നിരാശയിലായിരുന്നു.
ഭാര്യയെ കടുത്ത സംശയമായിരുന്ന ഭർത്താവ് നിതിൻ, അവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ വെച്ചിരുന്നു. ഒരിക്കൽ അയൽക്കാരിയോട് വിശേഷങ്ങൾ സംസാരിക്കുന്നത് കണ്ടതിന് ഭർത്താവിന്റെ കുടുംബാംഗങ്ങൾ വിശാഖയെ മർദിച്ചു. ഇതിനുപുറമെ കടുത്ത സ്ത്രീധന പീഡനവും യുവതി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ തങ്ങളുടെ പദവിക്ക് അനുസരിച്ചുള്ള ആഭരണങ്ങളും സമ്മാനങ്ങളും പെൺകുട്ടിയുടെ വീട്ടുകാർ നൽകിയില്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞയുടൻ നിതിന്റെ വീട്ടുകാർ പ്രശ്നമുണ്ടാക്കി. വീട്ടിൽ പോയി കൂടുതൽ സ്വർണവും പണവും വാങ്ങി വരണമെന്ന് ആവശ്യപ്പെട്ട് ഇവർ വിശാഖയെ നിരന്തരം സമ്മർദത്തിലാഴ്ത്തിയിരുന്നതായും കുടുംബം വെളിപ്പെടുത്തി.
വിശാഖയുടെ ഓരോ നീക്കങ്ങളും അറിയാനായി കിടപ്പുമുറിയിൽ വരെ നിതിൻ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. പുറത്തുള്ള ആരോടെങ്കിലും സംസാരിച്ചാൽ അന്ന് വലിയ മർദനമായിരിക്കും ഫലം. അയൽപക്കത്തെ സ്ത്രീയോട് ചിരിച്ചു സംസാരിച്ചതിന് ക്രൂരമായി മർദിച്ചതിന്റെ രണ്ടാം ദിവസമാണ് വിശാഖ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇതിനുമുമ്പ് സ്വന്തം വീട്ടിലെത്തിയപ്പോൾ താൻ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് വിശാഖ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ മകളെ തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾ തീരുമാനിച്ചെങ്കിലും, അവർ എത്തുന്നതിന് തൊട്ടുമുമ്പ് വിശാഖ മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് നിതിൻ, അമ്മ ഛായ, സഹോദരൻ നിനദ് എന്നിവർക്കെതിരെ ശാരീരിക-മാനസിക പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിയായ ഭർത്താവ് നിതിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.




