Featured Good News

82-ാം വയസ്സിലും 12 മണിക്കൂർ അധ്വാനം, വരുമാനം വെറും 300 രൂപ! സോഷ്യൽ മീഡിയയെ ഈറനണിയിച്ച മുത്തശ്ശന്റെ കഥ- വീഡിയോ

മുംബൈയിലെ പ്രായമായ വഴിയോര കച്ചവടക്കാരന്റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നും കുറഞ്ഞ വരുമാനം മാത്രമുള്ളപ്പോഴും, മൻസുഖ് കാക്ക എന്ന 82-കാരൻ ദിവസവും മണിക്കൂറുകളോളമാണ് ഫുട്പാത്തിൽ ഇരുന്ന് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ വിൽക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു.

മുംബൈ സ്വദേശിയായ കണ്ടെന്റ് ക്രിയേറ്റർ ആരാധന ചാറ്റർജി പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ മുത്തശ്ശന്റെ കഥ ലോകമറിഞ്ഞത്. റോഡരികിൽ വളരെ ശാന്തനായി പലഹാരപ്പൊതികൾ അടുക്കിവെക്കുന്ന അദ്ദേഹത്തെ കണ്ടതിനെത്തുടർന്നാണ് ആരാധന അദ്ദേഹത്തോട് സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

മുമ്പ് ദശാബ്ദങ്ങളോളം ഒരു സാരി കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നയാളാണ് മൻസുഖ് കാക്കയെന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഗുരുതരമായി രോഗബാധിതനായതോടെ അദ്ദേഹത്തിന് ആ ജോലി നഷ്ടപ്പെട്ടു. ആ ഘട്ടത്തിൽ അദ്ദേഹത്തെ പരിചരിക്കാനായി മകനും ജോലി ഉപേക്ഷിക്കേണ്ടി വന്നു.

രോഗം ഭേദമായ ശേഷവും വിശ്രമിക്കാൻ തയാറാകാത്ത മൻസുഖ് കാക്ക, കുടുംബത്തെ സഹായിക്കാനായി തന്റെ വീടിനടുത്ത് ഒരു ചെറിയ പലഹാരക്കട ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ദിവസവും ഏകദേശം 12 മണിക്കൂറോളം അദ്ദേഹം ഈ കടയിൽ ഉപഭോക്താക്കളെയും കാത്തിരിക്കാറുണ്ടെന്ന് ആരാധന പറയുന്നു.

ഫർസാൻ പൊതികൾ ഭംഗിയായി അടുക്കിവെക്കുന്നതും, പുഞ്ചിരിയോടെ ആളുകളെ സ്വീകരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചക്ലി, ഖാക്ര തുടങ്ങിയ നാടൻ വിഭവങ്ങളെല്ലാം ഫുട്പാത്തിൽ നിരത്തിവെച്ചിട്ടുണ്ട്. മൻസുഖ് കാക്കയുടെ സഹോദരി വീട്ടിൽ വെച്ച് ദിവസവും ഫ്രഷായി ഉണ്ടാക്കുന്നവയാണ് ഈ പലഹാരങ്ങൾ. ഇത്രയധികം കഠിനാധ്വാനം ചെയ്തിട്ടും ദിവസവും 300 രൂപയോളമേ അദ്ദേഹത്തിന് വരുമാനമായി ലഭിക്കുന്നുള്ളൂ.

ബിസിനസിലെ ഓരോ ഇടപാടുകളും ഒരു ചെറിയ ഡയറിയിൽ അദ്ദേഹം കൃത്യമായി എഴുതി സൂക്ഷിക്കുന്നതാണ് ആളുകളുടെ മനസ്സ് കവർന്ന മറ്റൊരു കാഴ്ച. ഈ പ്രായത്തിലും ഇത്രയും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഈ മുത്തശ്ശനെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ആരാധന തന്റെ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ കടയുടെ വിലാസവും അവർ പങ്കുവെച്ചിട്ടുണ്ട്.

വൃത്തിയുള്ള വസ്ത്രധാരണവും കച്ചവടത്തോടുള്ള അച്ചടക്കവും കണ്ട് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർ അദ്ദേഹം വളരെ ദയവുള്ള മനുഷ്യനാണെന്ന് കമന്റ് ചെയ്തു. ഒപ്പം, അദ്ദേഹത്തിൽ നിന്ന് പലഹാരങ്ങൾ വാങ്ങി ഈ കുടുംബത്തെ സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അറിയിച്ചു.