ബ്രസീലിൽ ബഞ്ചി ജമ്പ് നടത്തുന്നതിനിടെ സുരക്ഷാ കയർ ഘടിപ്പിക്കാതെ പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞതിനെ തുടർന്ന് 21 വയസ്സുകാരിയായ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രെറ്റാസ് ദാരുണമായി മരണപ്പെട്ടു. ഏകദേശം 40 മീറ്റർ താഴ്ചയിലേക്ക് വീണാണ് യുവതി മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു തമാശരൂപേണയുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ്. സാവോ പോളോയിലെ ലൈമേരിയിലുള്ള ‘സ്കെലിറ്റൺ ബ്രിഡ്ജ്’ എന്നറിയപ്പെടുന്ന റെയിൽവേ പാലത്തിൽ വെച്ച് ശനിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഫിസിക്കൽ എഡ്യൂക്കേഷനിലും സ്പോർട്സ് മാനേജ്‌മെന്റിലും അടുത്തിടെ ബിരുദം നേടിയ മരിയ, തന്റെ പ്രതിശ്രുത വരനൊപ്പമാണ് ഒരു പ്രാദേശിക അഡ്വഞ്ചർ കമ്പനി സംഘടിപ്പിച്ച ബഞ്ചി ജമ്പിംഗിനായി ഈ ഉപേക്ഷിക്കപ്പെട്ട പാലത്തിൽ എത്തിയത്. എന്നാൽ, മരിയയുടെ സുരക്ഷാ ബെൽറ്റിൽ (Harness) പ്രധാന കയർ ഘടിപ്പിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഴ്ചയുടെ ആഘാതത്തിൽ മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, ജീവനക്കാർ മരിയയെ പാലത്തിന്റെ അരികിലേക്ക് എടുത്തുകൊണ്ടുപോയി താഴേക്ക് എറിയുന്നത് കാണാം. ഹെൽമറ്റ് മാത്രമാണ് മരിയ ധരിച്ചിരുന്നത്. നിമിഷങ്ങൾക്കകം, സുരക്ഷാ കയർ തറയിൽ തന്നെ കിടക്കുന്നത് അവിടെയുണ്ടായിരുന്നവർ ശ്രദ്ധിച്ചു. “അയ്യോ കയർ!” എന്ന് ആളുകൾ നിലവിളിക്കുന്നതിനിടയിലാണ് മരിയ താഴേക്ക് പതിച്ചത്.
അപകടത്തിന് തൊട്ടുമുൻപ് പാലത്തിന്റെ ചിത്രങ്ങളും കൈയിൽ കെട്ടിയിരുന്ന ബാൻഡും കാണിച്ചുകൊണ്ട് മരിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. “ഒരു പാലത്തിൽ നിന്ന് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്?” എന്നാണ് പേടിയോടെയുള്ള തമാശയായി മരിയ അതിൽ കുറിച്ചിരുന്നത്. പിന്നീട് മരിയയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ നീക്കം ചെയ്തു.
ഈ ദാരുണമായ വീഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വന്ന മരിയയുടെ പ്രതിശ്രുത വരൻ മാനസികമായി തകരുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ സാഹസിക വിനോദം നടത്തിയ കമ്പനിക്ക് ആവശ്യമായ അനുമതി പത്രങ്ങൾ ഉണ്ടോ എന്നും അവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. നിയമപരമായ അനുമതിയില്ലാതെയാണ് സംഘം അവിടെ മത്സരം സംഘടിപ്പിച്ചതെന്നും, ഇരയുടെ ശരീരത്തിൽ കയർ കൃത്യമായി ഘടിപ്പിച്ചോ എന്ന് പരിശോധിക്കുന്നതിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കുന്നു.



