വാരണാസി ജില്ലാ കോടതിയിൽ വെള്ളിയാഴ്ച നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഒരു സ്ത്രീ കോടതിമുറിയിൽ കയറി ജില്ലാ ജഡ്ജിയുടെ കസേരയിൽ ഇരിക്കുകയും, “ഇന്ന് ഞാനാണ് ജില്ലാ ജഡ്ജി” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അവിടെയുണ്ടായിരുന്ന കോടതി ജീവനക്കാരെയും അഭിഭാഷകരെയും സന്ദർശകരെയും ഒരേപോലെ ഞെട്ടിച്ചു. രാവിലെ ഒൻപത് മണിയോടെ നടന്ന ഈ അസാധാരണ സംഭവം കോടതിയുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ഈ കോടതിമുറിയിൽ നിന്നുള്ളതെന്ന പേരിൽ ഒരു വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സാക്ഷികൾ പറയുന്നതനുസരിച്ച്, ജഡ്ജി എപ്പോൾ വരുമെന്ന് ജീവനക്കാരോട് ചോദിച്ച ശേഷമാണ് ഈ സ്ത്രീ നേരെ ഡയസിലേക്ക് നടന്നുപോയി ജഡ്ജിയുടെ കസേരയിൽ ഇരുന്നത്. തുടർന്ന് താനാണ് കോടതി നടപടികൾ നിയന്ത്രിക്കുന്നത് എന്ന രീതിയിൽ അവർ പെരുമാറാൻ തുടങ്ങി. മേശപ്പുറത്ത് തട്ടിക്കൊണ്ട് “ഓർഡർ, ഓർഡർ!… ഇന്ന് ഞാനാണ് ജില്ലാ ജഡ്ജി. സാക്ഷികളെയും തെളിവുകളെയും എന്റെ മുന്നിൽ ഹാജരാക്കൂ!” എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞതായി അവിടെയുണ്ടായിരുന്നവർ വ്യക്തമാക്കി. ജഡ്ജിയുടെ മേശപ്പുറത്തിരുന്ന കേസ് ഫയലുകൾ അവർ പരിശോധിക്കുകയും ചെയ്തു.
കോടതി ജീവനക്കാരും അഭിഭാഷകരും സ്ത്രീയെ കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. തനിക്കരികിലേക്ക് വന്നവരോടെല്ലാം അവർ തട്ടിക്കയറുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ഈ ബഹളം നീണ്ടുനിന്നു. ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ കോടതിമുറിയുടെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.
അഡീഷണൽ ജില്ലാ ജഡ്ജി യജുവേന്ദ്ര വിക്രം സിംഗ് അവധിയിലായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. ഒടുവിൽ കാന്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സംഘമെത്തിയാണ് സ്ത്രീയെ കോടതിമുറിയിൽ നിന്ന് മാറ്റിയത്. തുടർന്ന് ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തുവെങ്കിലും, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയതിനെ തുടർന്ന് പിന്നീട് കുടുംബാംഗങ്ങൾക്ക് ഒപ്പം വിട്ടയച്ചു.
ഈ സംഭവം കോടതി സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സുരക്ഷാ പരിശോധനകൾ മറികടന്ന് ഈ സ്ത്രീ എങ്ങനെ ജഡ്ജിയുടെ കസേര വരെ എത്തി എന്നതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇതിനെക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ഈ സ്ത്രീ മുൻപും സമാനമായ രീതിയിൽ ജഡ്ജിയുടെ കസേരയിൽ ഇരുന്നിട്ടുണ്ടെന്ന് ചില പ്രാദേശിക അഭിഭാഷകർ ആരോപിക്കുന്നുണ്ട്, ഈ കാര്യവും അന്വേഷണ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.




