ഭോപ്പാല്‍: മധ്യപ്രദേശിലെ സത്നയില്‍ നഗോഡ് രാജകുടുംബത്തിലുണ്ടായ ആഭ്യന്തര തര്‍ക്കം കലാശിച്ചത് വലിയൊരു വെടിവയ്പ്പില്‍ . നഗോഡ് എം.എല്‍.എ നാഗേന്ദ്ര സിങ്ങിന്റെ അനന്തരവനും രാജകുടുംബാംഗവുമായ രൂപേന്ദ്ര കുമാര്‍ സിങ്ങിന്റെ (ബാബ രാജ) രണ്ടാം ഭാര്യ യോഗിതയെ ഒന്നാം ഭാര്യ സുനിത സിങ്ങ് വെടിവച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
വയറിന് മാരകമായി പരുക്കേറ്റ യോഗിതയെ ഉടൻ തന്നെ സത്നയിലെ ആശുപത്രിയിലും, പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് റേവയിലെ വിന്ധ്യ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
രൂപേന്ദ്ര സിങ് അഥവ ബാബ രാജ രാജകുടുംബത്തിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ബാബാ രാജയ്ക്ക് രണ്ട് ഭാര്യമാരാണുള്ളത് സുനിത സിങ്ങും യോഗിതാ സിങ്ങും. ഇരുവരും തമ്മില്‍ കാലങ്ങളായി വഴക്കുണ്ടായിരുന്നു. വർഷങ്ങളായുള്ള കുടുംബത്തര്‍ക്കം സംസാരിച്ചു തീർക്കാനായി സഹോദരങ്ങള്‍ക്കും മകനുമൊപ്പം യോഗിത രണ്ടുദിവസം മുമ്പാണ് നഗോഡിലെ ‘പര്സമനിയ ഗഢി’ എന്ന തങ്ങളുടെ സുഖവാസ കേന്ദ്രത്തിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയും അക്രമത്തിലേക്ക് മാറുകയായിരുന്നു.
രൂപേന്ദ്ര കുമാര്‍ സിങ്ങിനൊപ്പം താമസിക്കുന്ന സുനിത സിങ് പരിഹാര്‍ തന്റെ കൈവശമുണ്ടായിരുന്ന 22 ബോര് തോക്ക് ഉപയോഗിച്ച് അവിടെയുണ്ടായിരുന്നവർക്ക് നേരെ പലതവണ വെടിയുതിർക്കുകയായിരുന്നു എന്നാണ് ലഭിച്ച പരാതി. ഇതിൽനിന്നുള്ള ഒരു വെടിയുണ്ടയാണ് യോഗിതയുടെ വയറ്റില്‍ തറച്ചുകയറിയത്. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ സുനിതയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വലിയ പോലീസ് സന്നാഹത്തെ കാവലിനായി നിയോഗിച്ചിട്ടുണ്ട്.
തന്റെ മകളെ കൊലപ്പെടുത്താൻ ഭര്‍ത്താവ് രൂപേന്ദ്രകുമാര് സിങ് തന്നെയാണ് എല്ലാ ഒത്താശയും ചെയ്തു നൽകിയതെന്ന് യോഗിതയുടെ അമ്മ നരേന്ദ്രകുമാരി മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. സുനിത ഒൻപത് തവണയാണ് അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർത്തതെന്നും, ആ സമയമെല്ലാം തന്റെ മരുമകൻ അവരെ തടയുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുമാണ് അമ്മയുടെ ഗുരുതരമായ ആരോപണം.
”അവസാനം മരുമകന് എന്റെ മകളെ ബലമായി പിടിച്ച് പുറത്താക്കി വീടിന്റെ വാതിലടച്ചു. ഇതിനുശേഷമാണ് ജനലിലൂടെ സുനിത മകൾക്ക് നേരെ വെടിയുതിര്‍ത്തത്. രൂപേന്ദ്ര സിങ് കഴിഞ്ഞ ഏഴുവര്‍ഷമായി സുനിതയോടൊപ്പമാണ് താമസിക്കുന്നത്. ഇതിനുമുമ്പും സുനിത എന്റെ മകളെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്,” നരേന്ദ്രകുമാരി കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റ യോഗിതയുടെ പരാതി പ്രകാരം ഉച്ചേഹര പോലീസ്, സുനിത സിങ്ങിനെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെടിവയ്പ്പിലേക്ക് നയിച്ച യഥാർത്ഥ കാരണം, അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്ക്, ഉപയോഗിച്ച തോക്കിന്റെ നിയമസാധുത എന്നിവയുള്‍പ്പെടെ എല്ലാ വശങ്ങളും വളരെ വിശദമായി അന്വേഷിച്ചുവരികയാണെന്ന് സത്ന അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ, പ്രധാന പ്രതിയായ സുനിതയെ മാത്രം അറസ്റ്റ് ചെയ്യുകയും അക്രമത്തിന് കൂട്ടുനിന്ന ബാബ രാജയ്ക്കെതിരേ കേസെടുക്കാൻ പോലീസ് തയ്യാറാകാതിരിക്കുകയും ചെയ്ത നടപടിയെ നരേന്ദ്രകുമാരി ശക്തമായി ചോദ്യം ചെയ്തു.




