മണ്ണന്തലയിൽ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. സ്വന്തം മൊബൈൽ ഫോൺ തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നത്.
നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന(36)യാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി(46) പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഹസീനയും സുരേഷും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ചൊവ്വാഴ്ച രാത്രിയും ഇവർ തമ്മിൽ വലിയ തർക്കമുണ്ടായതായും പോലീസ് പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഹസീനയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന താൻ സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് വ്യക്തമാക്കിയത്. ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായതിനെ തുടർന്ന് മണ്ണന്തല പോലീസ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ച് ഒത്തുതീർപ്പാക്കി വിട്ടിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇരുവരും വഴക്ക് തുടരുകയും ഇത് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
സുരേഷ് അമ്മയെ കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട മൂത്തമകൾ അമൃതയാണ് വിവരം ഫോണിലൂടെ മണ്ണന്തല പോലീസിനെ അറിയിച്ചത്. കൃത്യം നടത്തിയ ശേഷം ചോരപുരണ്ട കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയ ശേഷമാണ് സുരേഷ് കാറിൽ ഒളിവിൽ പോയത്. ഹസീനയും സുരേഷും ഇവരുടെ നാല് മക്കളും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചുമാസം മുൻപാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടിൽ താമസിക്കാൻ എത്തിയത്.
കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ സുരേഷിനെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. അന്വേഷണത്തിനിടെ ഇയാളുടെ മൊബൈൽ ഫോൺ കിള്ളിപ്പാലം ഭാഗത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഒളിവിൽ കഴിയുന്നതിനിടെ സുരേഷ് മകളെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നതായി ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.




