Spotlight

സിഎംആര്‍എല്ലിനു തിരിച്ചടി ; സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരാം,

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇഡിയുടെ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ആവശ്യമാണ് കോടതി തള്ളിയത്.

വർഷങ്ങളായി തുടരുന്ന കേസായതുകൊണ്ട് തന്നെ ഈ അപ്പീൽ ഹർജിയിൽ എത്രയും വേഗം വിശദമായ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കോടതി പരിഗണിച്ച കേസുകളുടെ പട്ടികയിൽ 105-ാമതായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്. ഒരു സേവനവും നൽകാതെ തന്നെ രണ്ടു കോടിയിലധികം രൂപ പ്രതിഫലമായി കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. എന്നാൽ, മറ്റൊരു അന്വേഷണ ഏജൻസിയുടെ എഫ്ഐആറോ ഇഡിക്ക് കേസെടുക്കാൻ ആവശ്യമായ അടിസ്ഥാന കുറ്റങ്ങളോ (പ്രെഡിക്കേറ്റ് ഒഫൻസ്) നിലവിലില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഈ അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആർഎൽ വാദിച്ചു.

കൂടാതെ, എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ അന്തിമ റിപ്പോർട്ടായി കണക്കാക്കാൻ കഴിയില്ലെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശനാണ് ഇഡിക്ക് വേണ്ടി ഹാജരായത്. സിഎംആർഎല്ലിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ കോടതിയിൽ വാദിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരു ഉൾപ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ കണ്ടെടുത്ത സുപ്രധാന വിവരങ്ങളും രേഖകളും ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് കൈമാറാൻ തങ്ങൾ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്‌മെന്റിനെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം. ഈ അപ്പീലിൽ വിശദമായ വാദം പൂർത്തിയായ ശേഷമേ കോടതിയുടെ അന്തിമ വിധി ഉണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *