Crime

സ്വകാര്യഭാഗത്ത് ആഴത്തിൽ മുറിവ്, കാലിൽ പൊള്ളലേറ്റ പാടുകൾ; കൊല്ലപ്പെട്ട കുഞ്ഞ് നേരിട്ടത് കൊടുംക്രൂരത, മരണസമയത്ത് അമ്മ തമിഴ്നാട്ടില്‍ നൃത്തപരിപാടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷിദിന്റെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നപ്പോൾ കുഞ്ഞ് നേരിട്ടത് കടുത്ത ക്രൂരതകളാണെന്ന് വ്യക്തമായി. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവും കാലുകളിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. രണ്ടാനച്ഛനായ അഷ്‌കർ കുട്ടിയെ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അഷ്‌കർ കുട്ടിക്ക് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദിക്കുകയും, തുടർന്ന് ഉടൻ തന്നെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയത്ത് അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു. കുഞ്ഞിന് തുടർച്ചയായി ഏറ്റ ക്രൂരമായ മർദനമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

നേരത്തെയുണ്ടായ മർദനങ്ങൾ കാരണം കുഞ്ഞിന്റെ ആന്തരിക അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തി. സംഭവത്തെത്തുടർന്ന് അഖിലയെയും അഷ്‌കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അർഷിദിന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ബന്ധുക്കൾ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് കുഞ്ഞ് അനുഭവിച്ച പീഡനങ്ങൾ പുറംലോകമറിഞ്ഞത്.

അഷ്‌കർ കുട്ടിയെ എപ്പോഴും മർദിക്കാറുണ്ടായിരുന്നെന്നും അമ്മ അഖില കുഞ്ഞിനെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. കുട്ടിയുടെ അമ്മൂമ്മയും ആദ്യത്തെ അച്ഛന്റെ പിതാവും ചേർന്നാണ് പോലീസിൽ പരാതി നൽകിയത്. ഒരു മാസം മുൻപ് അഷ്‌കർ കുഞ്ഞിന്റെ കൈ ഒടിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മരണത്തിന് രണ്ടു ദിവസം മുൻപും കുട്ടിക്ക് ക്രൂരമായി മർദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്.