ന്യൂഡൽഹി: വിപണിയിൽ വ്യാജ ‘പ്ലാസ്റ്റിക് മുട്ടകളും’ കൃത്രിമ നിറം കുത്തിവെച്ച തണ്ണിമത്തനും വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇതുകണ്ട് ജനങ്ങൾ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ആനിമേഷൻ വീഡിയോകളിലൂടെയാണ് അതോറിറ്റി ഈ വ്യാജ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി വാങ്ങുന്ന മുട്ടകൾ പ്ലാസ്റ്റിക് ആണെന്ന തരത്തിലുള്ള വിഡിയോകളാണ് അടുത്തിടെ വലിയ തോതിൽ വൈറലായത്. എന്നാൽ ഇന്ത്യൻ ഭക്ഷ്യവിപണിയിൽ ഇത്തരത്തിൽ കൃത്രിമ മുട്ടകൾ വിൽക്കപ്പെടുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ. ഉറപ്പിച്ചുപറയുന്നു. മുട്ടയിലെ വെള്ളയും മഞ്ഞക്കരുവും തമ്മിൽ പരസ്പരം കലരുന്നതോ, ഈർപ്പം നഷ്ടപ്പെടുമ്പോൾ തോട് വരണ്ടുപോകുന്നതോ അത് വ്യാജമാണെന്നതിന് തെളിവല്ല. വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് വീട്ടിൽ വെച്ചുതന്നെ വളരെ എളുപ്പത്തിൽ പരിശോധിക്കാനുള്ള ഒരു വഴിയും അതോറിറ്റി ഉപഭോക്താക്കൾക്കായി നിർദ്ദേശിക്കുന്നുണ്ട്.
അതിനായി ഒരു വലിയ പാത്രത്തിലോ ഗ്ലാസിലോ തണുത്ത വെള്ളമെടുത്ത് അതിലേക്ക് മുട്ട പതുക്കെ ഇടുക. മുട്ട വെള്ളത്തിന്റെ താഴേക്ക് താഴ്ന്ന് കിടക്കുകയാണെങ്കിൽ അത് പൂർണ്ണമായും സുരക്ഷിതവും ഫ്രഷുമാണെന്ന് ഉറപ്പിക്കാം. നേരെമറിച്ച്, മുട്ട വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുകയാണെങ്കിൽ അത് പഴകിയതാണെന്ന് മനസ്സിലാക്കാം. ഇത്തരത്തിൽ പൊങ്ങിക്കിടക്കുന്ന പഴകിയ മുട്ടകൾ ആഹാരമാക്കാൻ ഉപയോഗിക്കരുത്.
അതുപോലെ തണ്ണിമത്തനിൽ ചുവപ്പ് നിറം കിട്ടാനായി മാരകമായ രാസവസ്തുക്കൾ കുത്തിവെക്കുന്നു എന്നതായിരുന്നു സാമൂഹികമാധ്യമങ്ങളിലെ മറ്റൊരു പ്രധാന പ്രചാരണം. എന്നാൽ ശാസ്ത്രീയമായി ഇത് ഒരിക്കലും സാധ്യമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ. വ്യക്തമാക്കുന്നു. സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന ഡൈ ഒരിക്കലും തണ്ണിമത്തന്റെ എല്ലാ ഭാഗത്തേക്കും ഒരുപോലെ പടരില്ല. മാത്രമല്ല, സൂചി കൊണ്ട് സുഷിരങ്ങൾ ഉണ്ടാക്കുന്നത് പഴം വേഗത്തിൽ ചീഞ്ഞുപോകാനും കുത്തിയ ഭാഗത്തിന് ചുറ്റും കറുത്ത പാടുകൾ വീഴാനും കാരണമാകും. വിപണിയിൽ വലിയ തോതിൽ വിൽക്കുന്ന തണ്ണിമത്തനുകളിൽ ഇത്തരമൊരു പ്രക്രിയ നടത്തുന്നത് പ്രായോഗികമല്ലെന്നും ഏറെ ചിലവേറിയതാണെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. അതിനാൽ യാതൊരു ഭയവുമില്ലാതെ വിപണിയിൽ നിന്ന് തണ്ണിമത്തൻ വാങ്ങി കഴിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാമൂഹികമാധ്യമങ്ങളിൽ കാണുന്ന ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയോ ചെയ്യരുതെന്നും ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.




