Crime

അമ്മയുടെയും മകളുടെയും 100 ലധികം നഗ്ന ചിത്രങ്ങള്‍; പ്രചരിപ്പിക്കാന്‍ വ്യാജ ഇന്‍സ്റ്റഗ്രാം; പ്രതി പിടിയില്‍

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്റെ പേരിൽ പെണ്‍കുട്ടിയുടെയും അമ്മയുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 27-കാരൻ അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ മതപരമായ വിഡിയോകൾ ചെയ്യുന്ന സുമിത് നേംചന്ദ് ശർമ്മ എന്നയാളെയാണ് അഹമ്മദാബാദ് സൈബർ പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടിയത്. ഇയാൾ നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഗുജറാത്ത് സ്വദേശിയായ പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രതിയായ സുമിത് ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. തുടക്കത്തിൽ മതപരമായ കാര്യങ്ങൾ സംസാരിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അത് നിരസിച്ചു. ഇതോടെയാണ് ശല്യപ്പെടുത്തൽ തുടങ്ങിയത്. 2025 ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം വേട്ടയാടിയെന്നാണ് പെൺകുട്ടി അഹമ്മദാബാദ് സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പെൺകുട്ടി സംസാരിക്കാൻ തയാറാകാത്തതിലുള്ള വൈരാഗ്യം തീർക്കാനാണ് പ്രതി ഈ ക്രൂരതയ്ക്ക് മുതിർന്നത്. ഇൻസ്റ്റാഗ്രാമിൽ നിന്ന് പെൺകുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങൾ ശേഖരിച്ച ശേഷം എഐ ടൂളുകൾ ഉപയോഗിച്ച് ഇവ നഗ്നചിത്രങ്ങളും വിഡിയോകളുമാക്കി മാറ്റുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ നിർമ്മിച്ച നൂറിലധികം ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് ഈ വ്യാജ എഐ ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനായി ഇയാൾ പല പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും തുടങ്ങി. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് (ട്വിറ്റർ) എന്നിവയിലായി ഇയാൾക്ക് എട്ടോളം വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്മാൻപൂരിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *