Crime

‘487ലധികം പുരുഷന്മാർ പീഡിപ്പിച്ചു, ചിലർ പത്തിലധികം തവണ, മൃഗരതിക്കും നിർബന്ധിച്ചു’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ . ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് ഫ്രാൻസിലെ കോടതി വിധി പ്രസ്താവിച്ചത്. ഇന്റർനെറ്റ് വഴി കണ്ടെത്തിയ അപരിചിതർക്ക് ഉൾപ്പെടെ തന്നെ ആസൂത്രിതമായി ഇയാൾ കാഴ്ചവച്ചതായി യുവതി കോടതിയിൽ വെളിപ്പെടുത്തി.

നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ, 2015 മുതൽ 2022 വരെയുള്ള കാലയളവിൽ അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് താൻ നേരിട്ടതെന്ന് പറഞ്ഞു. തുടക്കത്തിൽ സാധാരണ ലൈംഗിക പരീക്ഷണങ്ങൾ എന്ന് കരുതിയെങ്കിലും, പിന്നീട് അത് കടുത്ത അക്രമമായി മാറുകയായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ തന്റെ രഹസ്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ തന്നെ നിരന്തരം ഭയത്തിന്റെ നിഴലിൽ നിർത്തി. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുക, ശ്വാസം മുട്ടിക്കുക, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ ക്രൂരതകൾ ഗില്ലോം ചെയ്തതായി യുവതി വെളിപ്പെടുത്തി. എന്നാൽ തങ്ങൾക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വിനോദങ്ങൾ മാത്രമായിരുന്നു ഇതെന്നും, അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഗില്ലോം ബുച്ചി കോടതിയിൽ വാദിച്ചത്.

ഇതിനുപുറമേ, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അപരിചിതർക്കുമായി ലെറ്റീഷ്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും അയാൾ സമ്മതിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരുഷന്മാരുടെ എണ്ണം 487 കഴിഞ്ഞപ്പോൾ താൻ എണ്ണുന്നത് നിർത്തിയെന്നും, ഇതിൽ ചിലരെ പത്തോളം തവണ കാണേണ്ടി വന്നിട്ടുണ്ടെന്നും ലെറ്റീഷ്യ വിചാരണ വേളയിൽ വെളിപ്പെടുത്തി.

2015-ലെ ഒരു ക്രിസ്മസ് രാവിൽ ഹൈവേയിലെ സർവീസ് സ്റ്റേഷനിൽ വെച്ച് അപരിചിതർക്ക് സ്വയം സമർപ്പിക്കാൻ ബുച്ചി ആവശ്യപ്പെട്ടതായും, ഫോണിലൂടെ അയാൾ ഇത് കേൾക്കുകയായിരുന്നുവെന്നും ലെറ്റീഷ്യ പറഞ്ഞു.

ആ സമയത്ത് ഉള്ളിൽ ജീവൻ പോകുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും ഈ പീഡനങ്ങൾ കാരണം താൻ ഇപ്പോൾ ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. സമാനമായ മറ്റൊരു കുറ്റകൃത്യം ചെയ്യാതിരിക്കാൻ പ്രതിക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടെങ്കിലും കോടതി അയാൾക്ക് 25 വർഷത്തെ തടവുശിക്ഷ വിധിച്ചു.

ശിക്ഷാകാലയളവിന്റെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയ ശേഷമേ അയാൾക്ക് പരോളിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. ഭർത്താവ് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം അപരിചിതരെക്കൊണ്ട് പീഡിപ്പിച്ച കേസിൽ, ഇരയായ ജിസെൽ പെലിക്കോട്ട് ധീരമായി പ്രതികരിച്ചതാണ് തന്റെ കഥ പുറത്തുപറയാൻ തനിക്ക് പ്രചോദനമായതെന്നും ലെറ്റീഷ്യ വ്യക്തമാക്കി.