ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് ശേഷം അവിടുത്തെ ഹിന്ദു, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എപ്പോഴും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള ഇസ്‌ലാമികവൽക്കരണത്തിലൂടെ രൂപപ്പെട്ട ഒരു രാജ്യത്ത്, തെരുവുകള്‍ക്ക് ആ മതവുമായി ബന്ധപ്പെട്ട പുതിയ പേരുകള്‍ നല്‍കിയ നടപടിക്കെതിരെ കാര്യമായ എതിർപ്പുകളൊന്നും തന്നെ ഉയർന്നിട്ടില്ല .
എന്നാല്‍ വിഭജനം നടന്ന് ഏകദേശം എൺപത് വർഷങ്ങൾക്ക് ശേഷം, പാകിസ്ഥാനിലെ ലാഹോറിലുള്ള തെരുവുകൾ അവയുടെ ഇസ്‌ലാമികവൽക്കരിക്കപ്പെട്ട പേരുകൾ ഉപേക്ഷിച്ച് പഴയ ഹിന്ദു, സിഖ്, ജൈന, കൊളോണിയൽ പേരുകളിലേക്ക് മടങ്ങുകയാണ്. ഇപ്പോൾ ഔദ്യോഗിക സൈൻബോർഡുകളിൽ ‘ഇസ്‌ലാംപുര’ എന്നത് ‘കൃഷ്ണ നഗർ’ എന്നും, ‘ബാബ്‌റി മസ്ജിദ് ചൗക്ക്’ എന്നത് ‘ജൈന മന്ദിർ ചൗക്ക്’ എന്നും, ‘റഹ്മാൻ ഗലി’ എന്നത് ‘രാം ഗലി’ എന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒൻപത് സ്ഥലങ്ങളുടെ പേരുകളെങ്കിലും ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. മറ്റു പല സ്ഥലങ്ങളും അവയുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.
പാകിസ്ഥാൻ പഞ്ചാബ് സർക്കാരിന്റെ ‘ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ’ (LHAR) എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ഈ പേരുമാറ്റം നടക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലാഹോറിനെ വിഭജനത്തിന് മുൻപുള്ള പൈതൃകത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. പതിറ്റാണ്ടുകളായുള്ള അവഗണനയും അശാസ്ത്രീയമായ നഗരവൽക്കരണവും കാരണം നഷ്ടപ്പെട്ട നഗരത്തിന്റെ സാംസ്കാരിക ഘടനയെ വീണ്ടെടുക്കാനുള്ള മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 50 ശതകോടി പാകിസ്ഥാൻ രൂപയുടെ സ്വപ്ന പദ്ധതിയാണിത്.
നവാസ് ഷെരീഫും അദ്ദേഹത്തിന്റെ മകളും പഞ്ചാബ് പ്രവിശ്യയിലെ നിലവിലെ മുഖ്യമന്ത്രിയുമായ മറിയം നവാസും ചേർന്ന് 2025-ലാണ് ഇതിന് തുടക്കമിട്ടത്. യൂറോപ്യൻ രാജ്യങ്ങളെപ്പോലെ പാകിസ്ഥാനും തങ്ങളുടെ നഗരങ്ങളുടെ ചരിത്രപരമായ പൈതൃകം ഇല്ലാതാക്കുന്നതിന് പകരം അത് സംരക്ഷിക്കണമെന്നാണ് സർക്കാർ വാദിക്കുന്നത്. പൈതൃക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കുകയുമാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം.
മിന്റാ പാർക്കിലെ (ഗ്രേറ്റർ ഇഖ്ബാൽ പാർക്ക്) മൂന്ന് ക്രിക്കറ്റ് ഗ്രൗണ്ടുകളും ഒരു പരമ്പരാഗത ഗുസ്തി മൈതാനവും (അഖാഡ) പുനഃസ്ഥാപിക്കാനും നവാസ് ഷെരീഫ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് മുൻപ് പറ്റിയ തെറ്റുകൾ തിരുത്താനുള്ള ഒരു തന്ത്രമായാണ് പലരും കാണുന്നത്. 2015-ൽ നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്ഥാൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, നഗരവികസനത്തിന്റെ ഭാഗമായി ഈ ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് ഗ്രൗണ്ടുകളും ഗുസ്തി മൈതാനവും പൊളിച്ചുനീക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ഉൾപ്പെടെയുള്ള പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും പരിശീലനം നേടിയിരുന്നത് മിന്റാ പാർക്കിലെ ഈ ക്ലബ്ബുകളിലായിരുന്നു.
വിഭജനത്തിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം ലാലാ അമർനാഥും ഇവിടെ പരിശീലനത്തിന് വന്നിരുന്നു. 1978-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ലാഹോർ സന്ദർശിച്ചപ്പോൾ അദ്ദേഹം മിന്റാ പാർക്കിൽ പോവുകയും, വിഭജനം വരെ താൻ കളിച്ചിരുന്ന ക്രെസൻ്റ് ക്രിക്കറ്റ് ക്ലബ്ബിലെ കളിക്കാർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. മിന്റാ പാർക്കിൽ പൊളിച്ചുനീക്കപ്പെട്ട ഗുസ്തി മൈതാനം മുൻപ് ഗൂംഗാ പെഹൽവാൻ, ഇമാം ബക്ഷ്, ഗാമ പെഹൽവാൻ തുടങ്ങിയ പ്രമുഖ ഗുസ്തിക്കാരുടെ മത്സരങ്ങൾക്ക് വേദിയായിട്ടുള്ളതാണ്. വിഭജനത്തിന് മുൻപ് ഹിന്ദുക്കൾ ദസറ ഉത്സവം ആഘോഷിച്ചിരുന്നതും ഈ മിന്റാ പാർക്കിലായിരുന്നു.
വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ, നിർബന്ധിത മതപരിവർത്തനം, സ്വത്ത് കൈയേറ്റം, ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കൽ തുടങ്ങിയവ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എങ്കിലും, ഈ പേരുമാറ്റ നടപടിക്കെതിരെ രാജ്യത്ത് കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായിട്ടില്ല. പഴയ പേരുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ, തങ്ങൾ തീവ്രവാദ ചിന്താഗതികൾ ഉപേക്ഷിച്ച് സഹിഷ്ണുതയും ഉൾക്കൊള്ളലുമുള്ള ഒരു മതേതര രാജ്യമായി മാറുകയാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള സമൂഹത്തിന് മുന്നിൽ കാണിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഇത് വഴി സാമ്പത്തികവും നയതന്ത്രപരവുമായ സഹായങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യം.
ഭീകരവാദത്തിന് ധനസഹായം നൽകുന്നു എന്ന ആരോപണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വലിയ നിരീക്ഷണങ്ങൾ നേരിടുന്നുണ്ട്. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി. ലാഹോർ പോലുള്ള ഒരു പ്രധാന സാംസ്കാരിക കേന്ദ്രത്തിൽ പഴയ കൊളോണിയൽ പേരുകൾ തിരികെ കൊണ്ടുവരുന്നതിലൂടെ, തങ്ങൾ തീവ്രവാദം ഉപേക്ഷിക്കുകയാണെന്ന സന്ദേശം നൽകാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) പോലുള്ള ആഗോള സംഘടനകൾ തങ്ങൾക്കെതിരെ വീണ്ടും കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് അവർ കരുതുന്നു.
നിലവിൽ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് പാകിസ്ഥാൻ മുന്നോട്ട് പോകുന്നത്. ഐ.എം.എഫ് സാമ്പത്തിക വിവരങ്ങൾ മാത്രമല്ല, ഒരു രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും സാമൂഹിക അന്തരീക്ഷവും കൂടിയാണ് നിരീക്ഷിക്കുന്നത്. ഈ പേരുമാറ്റത്തിലൂടെ രാജ്യം കൂടുതൽ സുരക്ഷിതവും ഉദാരവുമായ ഒരു നിക്ഷേപ സൗഹൃദ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദേശ നിക്ഷേപകർക്കും ഐ.എം.എഫിനും ഉറപ്പുനൽകാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.




