Oddly News

‘എനിക്ക് വേണ്ടി ആള്‍ക്കാര്‍ ക്യൂ നില്‍ക്കും’; ഭര്‍ത്താവ് പരസ്യമായി പരിഹസിച്ചു ; പുതിയ വരനെതേടി ഭാര്യ മാട്രിമോണിയലില്‍

ഭോപ്പാല്‍: സ്‌നേഹത്തിനൊപ്പം സന്തോഷങ്ങളും തമാശകളും സൗഹൃദങ്ങളുമൊക്കെയാണ് ദാമ്പത്യ ജീവിതത്തെ മധുരതരമാക്കുന്നത്. എന്നാല്‍ തമാശ അല്‍പ്പം കടുത്തുപോയാലും കുഴപ്പമാണെന്നാണ് മദ്ധ്യപ്രദേശിലെ ഈ ദമ്പതിമാരുടെ ജീവിതം പറയുന്നത്. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് പരിഹസിച്ചതിന് ഭാര്യ തങ്ങള്‍ വിവാഹമോചിതരായെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും മാട്രിമോണിയലില്‍ പുതിയ വിവാഹാലോചനയ്ക്ക് റജിസ്റ്റര്‍ ചെയ്തതും ഇരുവരേയും വിവാഹമോചനത്തിന്റെ വക്കിലാക്കി.

ഇപ്പോള്‍ ഇരുവരേയും കുടുംബക്കോടതി കൗണ്‍സിലിംഗിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഗണേശോത്സവത്തിലായിരുന്നു സംഭവങ്ങളുടെയെല്ലാം തുടക്കം. റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നടന്ന പരിപാടിക്കിടെ ഭര്‍ത്താവ് ഭാര്യയെ പരിഹസിച്ചു. ഇതില്‍ മനം നൊന്ത ഭാര്യ ഉടന്‍ തന്നെ മാട്രിമോണിയില്‍ പോയി പുനര്‍വിവാഹത്തിന് പേര് റജിസ്റ്റര്‍ ചെയ്തു. വിവാഹമോചിത എന്ന രീതിയില്‍ ഇവര്‍ നല്‍കിയ റജിസ്‌ട്രേഷനില്‍ താല്‍പ്പര്യപ്പെട്ട് 15 ദിവസത്തിനുള്ളില്‍ ഒമ്പത് മറുപടിയാണ് വന്നത്. ഭര്‍ത്താവ് പോയാല്‍ തനിക്ക് വേണ്ടി ആള്‍ക്കാര്‍ ക്യൂ നില്‍ക്കും എന്ന് കാണിക്കാന്‍ ഇവര്‍ മാട്രിമോണിയല്‍ സൈറ്റിലെ വിവരങ്ങള്‍ ഭര്‍ത്താവിന് ഷെയര്‍ ചെയ്യുകയും ചെയ്തു. അത് ഇരുവരും തമ്മില്‍ വലിയ വഴക്കിന് കാരണമായി. തുടര്‍ന്ന് യുവതി മഹാരാഷ്ട്രയിലെ സ്വന്തം ഭവനത്തിലേക്ക് പോകുകയും ചെയ്തു.

പിന്നീട് ഭോപ്പാലിലേക്ക് തിരിച്ചുവന്ന ശേഷം വിവാഹമോചനത്തിനായി ഭോപ്പാലിലെ കുടുംബക്കോടതിയെ സമീപിച്ചു. ഇരുവരേയും ഇപ്പോള്‍ കൗണ്‍സിലിംഗിന് വിട്ടിരിക്കുകയാണ്. കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് താന്‍ നിരുപദ്രവമായി പറഞ്ഞ ഒരു കാര്യമായിരുന്നു അതെന്നും അതിനെ തമാശയായി കരുതേണ്ട കാര്യം മാത്രമേയുള്ളൂ എന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങള്‍ക്കും ഒരാള്‍ പോയാല്‍ മറ്റൊരാളെ കിട്ടുമെന്നും ഭര്‍ത്താവ് തന്നോട് പരസ്യമായി മാപ്പു പറയണമെന്നാണ് യുവതിയുടെ ഡിമാന്റ്.