Crime Featured

സ്വന്തം ബ്രാൻഡില്‍ മയക്കുമരുന്ന്, കൗമാരംമുതൽ കോടികളുടെ കച്ചവടം; ‘കൊക്കെയ്ൻ ക്വീൻ’ അറസ്റ്റിൽ, കോടതിയിലെത്തിയത് കൂളിങ് ഗ്ലാസ് ധരിച്ച് കൈവിലങ്ങില്ലാതെ !

ഇസ്ലാമാബാദ്: പാകിസ്താനിലെ മയക്കുമരുന്ന് ലോകത്തെ പിടിച്ചുകുലുക്കിയ ‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിലായി. രാജ്യത്തെ വൻകിട മയക്കുമരുന്ന് ശൃംഖലയുടെ തലവിയായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസാണ് പിടികൂടിയത്. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ചുനടന്ന ഇവരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മാരകായുധങ്ങളും പിടിച്ചെടുത്തു. ‘ക്വീൻ മാഡം പിങ്കി’ എന്ന പേരിൽ സ്വന്തം ബ്രാൻഡുണ്ടാക്കി മയക്കുമരുന്ന് വിറ്റിരുന്ന ഇവർക്ക് വേണ്ടി മരുന്ന് നിർമ്മിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ വരെയുണ്ടായിരുന്നു. ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മാഫിയകളെ നിയന്ത്രിച്ചിരുന്നത് ഈ 31-കാരിയായിരുന്നു.

കറാച്ചിയിൽ ചൊവ്വാഴ്ച നടന്ന മിന്നൽ പരിശോധനയിലാണ് പിങ്കി വലയിലായത്. 2018-ൽ ആദ്യമായി പിടിയിലായെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും അധോലോകത്ത് സജീവമാകുകയായിരുന്നു. നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെങ്കിലും പോലീസിനെ വെട്ടിച്ചുമാറുന്നതിൽ ഇവർ വിജയിച്ചു പോന്നു. കൗമാരപ്രായത്തിൽ തന്നെ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ച പിങ്കിക്ക് പാകിസ്താനിലെ ഉന്നതതലങ്ങളിൽ ശക്തമായ സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാൻ ആസിഡ് ഉപയോഗിച്ച് സ്വന്തം വിരലടയാളം പോലും ഇവർ നശിപ്പിച്ചിരുന്നു.

അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്ക് പോലീസ് നൽകിയ അമിത പരിഗണന ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിമാറിയിരിക്കുകയാണ്. മാസ്കും കൂളിങ് ഗ്ലാസും ധരിച്ച് കൈവിലങ്ങില്ലാതെ കോടതിയിലെത്തിയ പിങ്കിക്ക് പോലീസുകാർ വഴികാട്ടിയായി കൂടെ നടന്നത് വൻ പ്രതിഷേധത്തിന് കാരണമായി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കറാച്ചി പോലീസ് മേധാവി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഐപി പരിഗണന നൽകിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന ചർച്ചയാണ് ഇപ്പോൾ പാകിസ്താനിൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *