Featured Good News

മത്സരിക്കാനിറങ്ങിയത് എട്ടാംമാസം, പൂർണ ഗർഭിണിയായി സത്യപ്രതിജ്ഞ, താരമായി TVKയുടെ പല്ലവി -വീഡിയോ

തമിഴ്‌നാട് നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് തിരു. വി. കാ. നഗറിൽ നിന്നുള്ള ടിവികെ പ്രതിനിധി എം.ആർ. പല്ലവിയുടെ സാന്നിധ്യമായിരുന്നു. 36 വയസ്സുള്ള പല്ലവി ഒൻപത് മാസം ഗർഭിണിയായിരിക്കെയാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽക്കേ പല്ലവിയുടെ പോരാട്ടവീര്യം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു.

എട്ടുമാസം ഗർഭിണിയായിരുന്ന ഘട്ടത്തിലാണ് വീട്ടമ്മയായ പല്ലവി മത്സരിക്കാനിറങ്ങിയത്. ഡിഎംകെയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ചെന്നൈയിലെ തിരു-വി-ക നഗറിൽ 22,333 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അവർ കന്നിവിജയം നേടിയത്. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച പല്ലവി നടൻ വിജയ്യുടെ കടുത്ത ആരാധികയായിരുന്നു. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ അവർ അതിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.

പൂർണ്ണ ഗർഭിണിയായിരുന്നിട്ടും മണ്ഡലത്തിലെ ഓരോ വീടുകളിലും നേരിട്ടെത്തി വോട്ട് ചോദിക്കാൻ പല്ലവി മറന്നില്ല. കഠിനമായ പ്രചാരണത്തിനിടയിൽ ഒരിക്കൽ അവർ തളർന്നു വീണത് വാർത്തയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അവരിപ്പോൾ. ഈ മാസം 20-ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

സാധാരണക്കാരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്ന വിജയ്യുടെ തീരുമാനത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് പല്ലവിയുടെ വിജയം. ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, പച്ചക്കറി കച്ചവടക്കാർ, വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ ആളുകളെയാണ് ടിവികെ സ്ഥാനാർത്ഥികളാക്കിയത്. പല്ലവിയുടെ ഈ നേട്ടം ആ മാറ്റത്തിന്റെ വലിയൊരു ഉദാഹരണമായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *