Sports

ഇത് ‘ചിപ്പ്’ അല്ല മോനേ പവർ; പാകിസ്താന് വൈഭവ് സൂര്യവംശിയുടെ മാസ് മറുപടി

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്ന് 238.09 സ്ട്രൈക്ക് റേറ്റോടെ 400 റൺസ് നേടിയ താരം നിലവിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിടുന്ന ഈ 15-കാരന്റെ പ്രകടനം കണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് തമാശരൂപേണ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. വൈഭവിന്റെ ശരീരത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് ഇത്രയും വലിയ സിക്സറുകൾ അടിക്കാൻ സാധിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വാഡ (WADA) മരുന്നടി പരിശോധന നടത്തുന്നത് പോലെ വൈഭവിനെ ഏതെങ്കിലും ലാബിൽ കൊണ്ടുപോയി പരിശോധിക്കണമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 16 പന്തിൽ 43 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ശേഷം, ഈ ‘എഐ ചിപ്പ്’ പരാമർശത്തെക്കുറിച്ച് മാധ്യമങ്ങൾ വൈഭവിനോട് ചോദിച്ചു. ഇതിന് വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്. “ഭഗവാൻ അത് ഘടിപ്പിച്ചു തന്നതാണ്. നിന്റെ ബാറ്റിനുള്ളിൽ ഞാൻ എന്തോ ഘടിപ്പിക്കുന്നുണ്ടെന്ന് മുകളിൽ വെച്ചുതന്നെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അത് തന്നെയാണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്,” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വൈഭവിന്റെ മറുപടി.

ഈ ഐപിഎൽ സീസണിൽ മറ്റൊരു ചരിത്ര നേട്ടം കൂടി സൂര്യവംശി സ്വന്തമാക്കി. നേരിട്ട പന്തുകളുടെ കണക്കിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡാണ് വൈഭവ് നേടിയത്. വെറും 167 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 2019-ൽ 188 പന്തുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ആന്ദ്രെ റസലിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. അഭിഷേക് ശർമ്മ (195 പന്ത്), നിക്കോളാസ് പൂരൻ (197 പന്ത്), ഗ്ലെൻ മാക്സ്വെൽ (200 പന്ത്) എന്നിവരാണ് പട്ടികയിൽ പിന്നിലുള്ള മറ്റ് താരങ്ങൾ. ചുരുങ്ങിയ പ്രായത്തിനുള്ളിൽ ലോകത്തെ മികച്ച ബാറ്റിംഗ് നിരയെ വിറപ്പിക്കുന്ന വൈഭവ് ഭാവിയിലെ വലിയ വാഗ്ദാനമാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.