Crime

ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67-കാരന്‍; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരനായ ദീപക് പ്രധാൻ അറസ്റ്റിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ഇയാളെ ഇൻഫോ വാലി പൊലീസാണ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് നടുക്കുന്ന ഈ സംഭവം നടന്നത്.

ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്നുപോയ വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

പീഡനത്തിനിരയായ പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഹോസ്റ്റലിനുള്ളിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതരോട് വിശദീകരണം തേടുമെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.