Spotlight

അറസ്‌റ്റ്‌ വാറന്റ്‌ പത്മശ്രീ ലഭിച്ച സന്തോഷത്തോടെ സ്വീകരിക്കുന്നു: വാവാ സുരേഷ്‌

പതിറ്റാണ്ടുകളായി കേരളത്തിലുടനീളം പാമ്പുകളെ പിടിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന തനിക്ക് വനംവകുപ്പ് നൽകിയ വലിയൊരു ‘അവാർഡാണ്’ ഈ അറസ്റ്റ് വാറണ്ടെന്ന് വാവ സുരേഷ് പരിഹസിച്ചു. 2015-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ ക്ഷണമനുസരിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കുമായി പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയെക്കുറിച്ച് ക്ലാസെടുത്തിരുന്നു. അന്ന് അഭിനന്ദിച്ചവർ തന്നെ ഇപ്പോൾ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്നും, പണ്ട് ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വൈകാരികമായ പ്രതികരണം.

2024-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ 2026 ഏപ്രിൽ ആറിനാണ് തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നതെന്ന് വാവ സുരേഷ് പറയുന്നു. 2006 മുതൽ കാസർകോട് മുതൽ പാറശാല വരെയും മറ്റ് സംസ്ഥാനങ്ങളിലും താൻ പാമ്പുകളെക്കുറിച്ച് ക്ലാസുകൾ എടുക്കുന്നുണ്ട്. അന്നത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ മനഃപൂർവം കേസ് ചാർജ് ചെയ്തിരിക്കുകയാണ്. 39 വർഷമായി ഈ മേഖലയിൽ ജീവിതം ഉഴിഞ്ഞുവെച്ച തനിക്ക് അധികാരികൾ തന്ന വലിയ അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

വനംവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ വാവ സുരേഷ്, മുൻപത്തെ മന്ത്രിമാർ ക്ലാസുകൾ എടുക്കുന്നതിൽ കുഴപ്പമില്ലെന്നാണ് പറഞ്ഞിരുന്നതെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ വലിയ തുക ചെലവാക്കി തനിക്ക് ജാമ്യം എടുക്കേണ്ടി വരുന്നു. ഈ നടപടിയെ ഒരു പത്മശ്രീ കിട്ടിയ സന്തോഷത്തോടെയാണ് താൻ സ്വീകരിക്കുന്നത്. വഴിയിലൂടെ പോകുന്നവരെയൊക്കെ വിളിച്ചുകൂട്ടി പാമ്പിനെ വെച്ച് കോമാളിത്തരം കാണിക്കുന്നവർക്കെതിരെ കേസില്ലെന്നും, എന്നാൽ തന്റെ പേരിൽ മാത്രം നിയമം മാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പാമ്പുകളെ പിടികൂടി ഉടമസ്ഥന്റെ പറമ്പിൽ തന്നെ വിടുന്നവരും പാമ്പ് പിടുത്തത്തിന് അയ്യായിരം രൂപ വരെ വാങ്ങുന്നവരും ഇവിടെ സുരക്ഷിതരായി നടക്കുന്നുണ്ട്. എല്ലാം ഉപേക്ഷിച്ച് സേവനം ചെയ്യുന്ന തനിക്ക് ലഭിക്കുന്നത് ജയിൽവാസവും കേസുകളുമാണ്. ലോകത്ത് ഒരിടത്തും ഇല്ലാത്ത വിചിത്രമായ കാര്യങ്ങളാണ് കേരളത്തിലെ വനംവകുപ്പിൽ നടക്കുന്നതെന്നും വാവ സുരേഷ് ആരോപിച്ചു. തന്റെ പ്രവർത്തനത്തിനുള്ള നന്ദിയായിട്ടാണ് വകുപ്പ് ഈ കേസിനെ കാണുന്നതെങ്കിൽ അത് അതേപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.