ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ 14 വയസ്സുകാരി പ്രസവിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരുവരും മുൻസ്യാരി സ്വദേശികളാണ്. പ്രസവവേദനയെത്തുടർന്ന് പെൺകുട്ടിയെ പിത്തോറഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായക്കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മ നേരത്തെ ഉപേക്ഷിച്ചുപോയതാണ്. പുണെയിൽ ഗാർഡായി ജോലി ചെയ്യുന്ന അച്ഛൻ രണ്ടാനമ്മയ്ക്കൊപ്പമാണ് മുൻസ്യാരിയിൽ കുട്ടിയെ താമസിപ്പിച്ചിരുന്നത്. സ്കൂൾ പഠനകാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇവർ വിവാഹിതരായതെന്ന് പറയപ്പെടുന്നു. വിവാഹശേഷം ദമ്പതികൾ പുണെയിലേക്ക് മാറുകയും അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ആൺകുട്ടി ജോലി ചെയ്തുവരികയുമായിരുന്നു.
ഗർഭിണിയായ പെൺകുട്ടി പ്രസവത്തിനായി നാട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നിലവിൽ മുൻസ്യാരി പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. നിലവിൽ പുണെയിലുള്ള ആൺകുട്ടിയെ പിത്തോറഗഡിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സബ് ഇൻസ്പെക്ടർ ബബിത തംത വ്യക്തമാക്കി.




