വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് എച്ച്ഐവി ബാധിച്ച രക്തം കുത്തിവെക്കപ്പെട്ട ഹൈദരാബാദ് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം 11-നായിരുന്നു ഈ ക്രൂരമായ അതിക്രമം നടന്നത്. സമാനമായ ഒരു പ്രമേയം കൈകാര്യം ചെയ്ത ‘രാജു വെഡ്സ് രാംബായ്’ എന്ന തെലുങ്ക് സിനിമയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണമായ സംഭവം.
വിവാഹനിശ്ചയം കഴിഞ്ഞ ശേഷം യുവാവിന്റെ മാതാപിതാക്കൾക്ക് എച്ച്ഐവി ഉണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞു. തുടർന്ന് യുവാവിനോടും പരിശോധന നടത്താൻ ആവശ്യപ്പെടുകയും സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ യുവാവിനും രോഗമുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെയാണ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയത്.
വിവാഹത്തിൽ നിന്ന് യുവതിയും കുടുംബവും പിന്മാറിയതിൽ പ്രകോപിതനായ യുവാവ്, സംസാരിക്കാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയുടെ ശരീരത്തിൽ രക്തം കുത്തിവെക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, സംഭവത്തിന് ഒരു മാസം തികയുമ്പോഴേക്കും യുവതി സ്വന്തം ജീവനൊടുക്കി. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം യുവതി അതിശക്തമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തനിക്കും രോഗം ബാധിക്കുമോ എന്ന പേടിയും സാമൂഹികമായ ഒറ്റപ്പെടലുണ്ടാകുമോ എന്ന ആശങ്കയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.




