Crime

‘പൂജാരി എന്നെ റേപ്പ് ചെയ്തു’; നടുറോഡില്‍ നിലവിളിച്ച് 17കാരി; നോക്കിനിന്ന് പൊലീസും നാട്ടുകാരും

ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്ത് വൃന്ദാവനിൽ പൂജയ്ക്കെത്തിയ ആൾ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി പതിനേഴുകാരി രംഗത്തെത്തി. പൂജാരി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് പെൺകുട്ടി നടുറോഡിൽ കിടന്ന് നിലവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാജ് എന്ന് വിളിക്കുന്ന പൂജാരി വീട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആരോപണം.

കുട്ടി സഹായത്തിനായി റോഡിൽ കിടന്ന് കരയുമ്പോൾ ചുറ്റുമുണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും സമാധാനിപ്പിക്കാൻ ശ്രമിക്കാതെ നോക്കിനിന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മഥുരയിലെ ജെയ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺകുട്ടിയെ നിലവിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.

അതേസമയം, ഈ സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പൂജാരിയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ പണമിടപാടുകളെ ചൊല്ലിയും വീടിനെ ചൊല്ലിയും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഈ പരാതിക്ക് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. ഇതിനിടെ പെൺകുട്ടി കരയുന്നതിനിടയിലേക്ക് പൂജാരി ഓടിവരുന്നതും ദൃശ്യങ്ങളിൽ കാണാം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരൂ എന്ന് പോലീസ് അറിയിച്ചു.